ഒന്നാം സ്ഥാനം നിലനിർത്താൻ ടിപി, രണ്ടാം സിഎച്ച് ആകാൻ ഇബ്രാഹിം കുട്ടി; ആര് നേടും പേരാമ്പ്ര..?
Mail This Article
കോഴിക്കോട്∙ ‘ആനക്കോലാൽ മുക്കാൽ വഴിയും, വാളും, വാൾമുനമേൽ നീരും പകർന്നുകൊടുത്ത് നിങ്ങൾ ചത്തുംകൊന്നും അടക്കിക്കൊൾക...’ പയ്യോർമലനാട്ടിലുള്ളോർക്ക് രാജാക്കൻമാർ വാക്കാലനുഗ്രഹിച്ചുനൽകിയ അധികാരം. രാജഭരണകാലത്തെ പയ്യോർമലനാട് ജനാധിപത്യകേരളത്തിലെ പേരാമ്പ്രയായി വളർന്നപ്പോഴും പഴയ വീറും വാശിയും തുടരുകയാണ്. സ്വാതന്ത്ര്യസമരചരിത്രത്തിലെ ഈടുറ്റ അധ്യായമായ കീഴരിയൂർ ബോംബ് കേസിന് 79 വയസു തികയുകയാണ് ഈ വർഷം. നാട്ടുചന്തകളുടെയും തിറയാട്ടങ്ങളുടെയും പേരാമ്പ്ര മണ്ഡലത്തിൽ ജനാധിപത്യത്തിന്റെ ഈ ഉത്സവക്കാലത്ത് പ്രചാരണം കൊട്ടിക്കയറുകയാണ്. വാക്കിലും നോക്കിലും നടപ്പിലും പ്രവൃത്തിയിലും വ്യത്യസ്ത ശൈലിയുള്ള മൂന്നു സ്ഥാനാർഥികളുമായാണ് മൂന്നു മുന്നണികളും കളംനിറയുന്നത്.
ഒന്നാം സ്ഥാനം നിലനിർത്താൻ ടിപി
പേരാമ്പ്രയുടെ പര്യായമാണ് ടി.പി.യെന്ന രണ്ടക്ഷരം. പേരാമ്പ്രയെ ടി.പി.രാമകൃഷ്ണനറിയുന്നതുപോലെ മറ്റാർക്കെങ്കിലും അറിയുമോ എന്നതു സംശയമാണ്. ആ ഉറപ്പാണ് ഇത്തവണയും പേരാമ്പ്രയിൽ എൽഡിഎഫിന്റെ കരുത്ത്. ജില്ലയിൽ മത്സരരംഗത്തുള്ള രണ്ടു മന്ത്രിമാരിലൊരാളാണ് ടി.പി. ദിവസവും ഏറ്റവുമധികം സ്ഥലങ്ങളിൽ പൊതുപരിപാടികളും യോഗങ്ങളുമായി കളംനിറയുന്ന സ്ഥാനാർഥിയും ടി.പി. രാമകൃഷ്ണനാണ്. ഇന്നലെ മാത്രം 21 സ്ഥലങ്ങളിലാണ് ടി.പി. ഓടിയെത്തിയത്.രാവിലെ 9 മണിയോടെ ചുള്ളിയോത്ത് മുക്കിൽനിന്നാണ് ടി.പി. രാമകൃഷ്ണന്റെ പര്യടനങ്ങൾ തുടങ്ങിയത്. മഞ്ചേരി കുഴിച്ചാലിലും പൂളയ്ക്കലും പന്നിമുക്കിലും പൂവൻകുന്നിലും പരിപാടികൾ കഴിഞ്ഞ് കണ്ടിത്താഴെ എത്തുമ്പോൾ പന്ത്രണ്ടര കഴിഞ്ഞു.
കണ്ടിത്താഴെ സുന്നിസെന്ററിനു മുന്നിൽ ടിപിയുടെ വരവുംകാത്ത് നിൽക്കുന്നത് വലിയൊരു ആൾക്കൂട്ടമാണ്. തനതു ശൈലിയിലുള്ള പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വയോധികരെക്കണ്ട് വിശേഷങ്ങൾ തിരക്കുന്നു. യുവാക്കൾക്കൊപ്പം സെൽഫിയെടുക്കുന്നു. കുഞ്ഞുങ്ങളുടെ കൈപിടിച്ച് കൊഞ്ചിക്കുന്നു. തിരികെ തന്റെ കാറിൽ കയറി മുയിപ്പോത്ത് പടിഞ്ഞാറക്കരയിലേക്ക്.റോഡിൽ കാത്തുനിന്ന പ്രവർത്തകർ ടിപിയുടെവാഹനം വരുന്നതുകണ്ടതോടെ ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ചു അഭിവാദ്യമർപ്പിക്കാൻ തുടങ്ങി. പുറത്തിറങ്ങി പലരുടെയും പേരെടുത്തുവിളിച്ച് വിശേഷങ്ങൾ തിരക്കി. കടത്തിണ്ണയിലൊരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറി. ക്ഷേമപെൻഷനും കിറ്റ് വിതരണവുമടക്കമുള്ള ഭരണനേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് പ്രസംഗം. പേരാമ്പ്രക്കാർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയെന്ന ചാരിതാർഥ്യമുണ്ട്.
രണ്ടാം സിഎച്ച് ആകാൻ ഇബ്രാഹിം കുട്ടി
പേരാമ്പ്രയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സി.എച്ച് ഇബ്രാഹിംകുട്ടി പ്രചാരണത്തിരക്കിലാണ്. ലീഗിനു കൈമാറിയ പേരാമ്പ്ര സീറ്റിൽ ഇബ്രാഹിംകുട്ടിയെ മത്സരിപ്പിക്കാനുള്ള തീരുമാനം വന്നയന്നുമുതൽ തുടങ്ങിയതാണ് ഓട്ടം. തുറന്ന വാഹനത്തിൽ കയറിയാണ് രാത്രിവരെ യാത്ര. ഇടതുവശം ചെരിച്ചുള്ള നടപ്പും പുഞ്ചിരിയും കാണുമ്പോൾ നാട്ടുകാരിൽ പലരും പരസ്പരം ചോദിക്കുന്നുണ്ട്...‘ലാലേട്ടന്റെ ചെറിയൊരു ഛായയില്ലേ, യുഡിഎഫ് സ്ഥാനാർഥിക്ക്?’ ഇന്നലെ രാവിലെ ശശി തരൂർ എംപിയെ കോഴിക്കോട്ടെത്തി നേരിട്ടുകണ്ട് അൽപനേരം സംസാരിച്ച ശേഷമാണ് പേരാമ്പ്രയിലേക്ക് തിരിച്ചെത്തിയത്. പേരാമ്പ്ര പയ്യോളി റോഡിലെ വാല്യക്കോട്ട് ആദ്യ പൊതുപരിപാടിയിൽ ബെന്നിബഹനാൻ എംപിയാണ് ഉദ്ഘാടകൻ. കണിക്കൊന്നക്കുല കൊടുത്താണ് സ്വീകരിച്ചത്.‘ കേരളത്തിന്റെ ചരിത്രത്തിൽ രണ്ടാമത്തെ സിഎച്ച് ആവാനാണ് ഈ പേരാമ്പ്രക്കാരന്റെ വരവെ’ന്നാണ് ബെന്നിബഹനാൻ എംപി പ്രസംഗിച്ചത്.
പരിപാടിക്കുശേഷം യാത്രക്കിടെ ഒരു മരണവീട്ടിൽ കയറി. തുടർന്ന് കൽപ്പത്തൂർ അഞ്ചാംപീടികയിലേക്ക്. സ്ഥിരം രാഷ്ട്രീയക്കാരുടെ അച്ചടിഭാഷാ ശൈലിവിട്ട് തനിനാടൻ ശൈലിയിലുള്ള പ്രസംഗം. ‘‘ഞാനുംം പേരാമ്പ്രയിലാണ് ജനിച്ചതും വളർന്നതും. വിശപ്പില്ലാത്തവരുടെ പേരാമ്പ്രയാണെന്റെ സ്വപ്നം. അന്തിയുറങ്ങാൻ എല്ലാർക്കും വീടുള്ള പേരാമ്പ്രയാണെന്റെ സ്വപ്നം’’ എന്ന് പതിഞ്ഞ ശബ്ദത്തിൽ പ്രസംഗിച്ചാണ് വോട്ടുചോദിക്കുന്നത്. തുടർന്ന് വേദിയിൽനിന്നിറങ്ങി വഴിയരികിലെ യാത്രക്കാർക്ക് കൈകൊടുത്തു മുന്നോട്ടുനടന്നു. അഞ്ചാംപീടിക അരിക്കുളം റോഡിലെ കുഞ്ഞുകടയിൽ സർബത്ത് കലക്കുകയായിരുന്ന കടക്കാരൻ രാജന്റെ തോളിൽകയ്യിട്ട് വോട്ടുചോദ്യം ഇങ്ങനെയാണ്: ‘‘ ഞാളിതിലെ പോവ്ന്ന്ണ്ടേ, എന്നെ മറക്കര്തേ...’’ കുരുടിമുക്ക്, അരിക്കുളം, മാവട്ട്, ഊരള്ളൂർ കഴിഞ്ഞ് പുറ്റംപൊയിലിലാണ് യാത്ര സമാപിച്ചത്.
മൂന്നാം മൂന്നണി വരണമെന്ന് സുധീർ
ബിജെപിയുടെ യുവനേതാവ് കെ.വി.സുധീർ വേനൽച്ചൂടിനെ വകവയ്ക്കാതെ മണ്ഡലത്തിലൂടെ ഊർജസ്വലമായി ഓടിനടന്നു വോട്ടുചോദിക്കുകയാണ്. രാവിലെ ഒൻപതു മണിയോടെ തുടങ്ങുന്ന പര്യടനത്തിൽ പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടമാണ്. ഇതിനിടെ പഴയകാലപ്രവർത്തകരെ കണ്ട് അനുഗ്രഹം വാങ്ങുന്നുണ്ട്. ഇന്നലെ രാവിലെ ഒൻപതിന് ഊരള്ളൂരിൽനിന്നാണ് പര്യടനം തുടങ്ങിയത്. ഓരോ വേദിയിലും സ്ഥാനാർഥി വരുന്നതുവരെ പ്രാദേശിക നേതാക്കൾ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ പ്രസംഗിക്കുന്നു. ഇതിനിടെ ആ സ്ഥലത്തെ പ്രമുഖരെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ച് സുധീർ വേദിയിലേക്കെത്തുകയാണ്.
അരിക്കുളം, നടുവത്തൂർ, കീഴരിയൂർ, നരക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ യോഗങ്ങളിൽ പ്രസംഗിച്ച ശേഷമാണ് രണ്ടുമണിയോടെ പയ്യോളി അങ്ങാടിയിലെത്തിയത്.മണ്ഡലത്തിന്റെ അതിർത്തിയായ പയ്യോളി അങ്ങാടിയുടെ തുടക്കത്തിൽനിന്ന് ചെണ്ടമേളങ്ങളുമായാണ് റോഡിലൂടെ സ്വീകരിച്ചു വേദിയിലേക്കെത്തിച്ചത്. പഞ്ചായത്ത് ഓഫിസിനു സമീപം ബസ് സ്റ്റോപ്പിനടുത്തായാണ് താൽക്കാലികവേദിയൊരുക്കിയത്.സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മുതൽ ശബരിമല വരെ അസ്ത്രങ്ങളാക്കി കുറഞ്ഞ വാക്കുകൾ കൊണ്ടുള്ള പ്രസംഗം.
ഹാരമണിയിട്ടും പൊന്നാടയണിയിച്ചും തികഞ്ഞ ആവേശത്തിലാണ് സഹപ്രവർത്തകർ. വേദിയിൽനിന്നിറങ്ങി തൊട്ടുമുന്നിലുള്ള ലുലു ബേക്സിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലും പലചരക്കുകടകളിലും കയറി സുധീർ വോട്ടുറപ്പിച്ചു. തൊട്ടടുത്ത കടയുടെ ചുമരും ചാരിനിന്ന അബ്ദുല്ലയോടും അസീസിനോടും അൽപം നാട്ടുവർത്തമാനം പറഞ്ഞു. പിന്നെ തിരികെ വാഹനത്തിൽകയറി കല്ലുംപുറത്തേക്കുള്ള യാത്ര. ഇതിനിടെ സുധീറിനു സമ്മാനിക്കാൻ വഴിയരികിൽ ഒരു കുലപഴവുമായി കർഷകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.