ബസിൽ നിറയെ യാത്രക്കാരെ കണ്ടു പാവങ്ങാട് സ്റ്റോപ്പിൽ നിന്നു കയറിയ വിവിഐപി; മന്ത്രിയായല്ല എന്റെ യാത്ര, സ്ഥാനാർഥിയായി...
Mail This Article
കോഴിക്കോട് ∙ കുറ്റ്യാടിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ പാവങ്ങാട് നിന്ന് പറമ്പത്തേക്ക് ഇന്നലെ ഒരു വിവിഐപി യാത്രക്കാരനുണ്ടായിരുന്നു. പാവങ്ങാട് സ്റ്റോപ്പിൽ നിന്നു കയറിയ വിവിഐപിയെ കണ്ട് ബസ് ജീവനക്കാരും യാത്രക്കാരും അമ്പരന്നു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനായിരുന്നു 3 പേർക്കൊപ്പം ബസിൽ കയറിയത്.
എലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ എ.കെ.ശശീന്ദ്രൻ പാവങ്ങാട് അങ്ങാടിയിൽ പ്രചാരണം നടത്തുന്നതിനിടയിലേക്കാണ് കുറ്റ്യാടിയിലേക്കുള്ള കെഎസ്ആർടിസി ബസ് എത്തിയത്. ബസിൽ നിറയെ യാത്രക്കാരെ കണ്ട മന്ത്രി പിന്നെ ഒന്നും ആലോചിച്ചില്ല. പ്രചാരണ വാഹനം ഉപേക്ഷിച്ച് അടുത്ത പ്രചാരണ സ്ഥലമായ പറമ്പത്ത് അങ്ങാടിയിലേക്കുള്ള യാത്ര ബസിലാക്കി.
മന്ത്രിയെ കണ്ട ഷോക്കിലായിരുന്ന വനിത കണ്ടക്ടർക്കു നേരെ 4 പേർക്കുള്ള പറമ്പത്ത് അങ്ങാടിയിലേക്കുള്ള ടിക്കറ്റിനു പണം നീട്ടി. മന്ത്രിയോട് പണം വാങ്ങാൻ മടിച്ച വനിത കണ്ടക്ടറോട് ‘‘ മന്ത്രിയായല്ല എന്റെ യാത്ര, എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായാണ് അതിനാൽ നീ കാശ് വാങ്ങിക്കൂ’’ എന്നായി മന്ത്രി. അതോടെ അർധ മനസ്സോടെ കണ്ടക്ടർ പണം വാങ്ങി ടിക്കറ്റ് നൽകി.
പിന്നീട് ഡ്രൈവറുടെ അടുത്തേക്ക് കുശലാന്വേഷണങ്ങളുമായെത്തി. യാത്രക്കാരോട് വോട്ട് അഭ്യർഥനയും നടത്തി. ‘‘ നിങ്ങളിൽ എലത്തൂർ മണ്ഡലക്കാർ ഉണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യണം. അല്ലാത്തവർ ഇടതുമുന്നണിക്ക് വോട്ട് ചെയ്യണം. ജനങ്ങളുടെ കണ്ണീരിനിയും ഒപ്പാൻ നമുക്ക് തുടർഭരണം വേണം’’– എ.കെ.ശശീന്ദ്രൻ പറഞ്ഞു. പറമ്പത്ത് എത്തിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും മന്ത്രിയെ കൈവീശി യാത്രയാക്കി.