ADVERTISEMENT

ജില്ലയുടെ നെല്ലറയാണ് പേരാമ്പ്ര; ഇടതുപക്ഷത്തിന് കതിർക്കനമുള്ള മണ്ണ്. നാലു പതിറ്റാണ്ടായി ഉലയാത്ത  ഇടതുകോട്ടയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ മൂന്നാമങ്കത്തിനിറങ്ങുമ്പോൾ സാമൂഹിക പ്രവർത്തകനും പ്രവാസി വ്യവസായിയുമായ സി.എച്ച്. ഇബ്രാഹിംകുട്ടിയിലൂടെ യുഡിഎഫ് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്നു.

ആദ്യ തിരഞ്ഞെടുപ്പിൽ വിത്തിട്ടതാണ് പേരാമ്പ്രയിലെ ഇടതുപാരമ്പര്യം. ആഴത്തിൽ വേരുപടർത്തി പടർന്നു പന്തലിച്ച ആ മരം മറുവശത്തേക്ക് ചാഞ്ഞത് മൂന്നു വട്ടം മാത്രം. 2011 ലെ തോൽവിക്കു ശേഷം 5 വർഷം മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ച കേരള കോൺഗ്രസ്(എം)ലെ മുഹമ്മദ് ഇഖ്ബാൽ കഴിഞ്ഞ വട്ടം ആ മരമൊന്നുലച്ചു നോക്കി. ഒന്നു കുലുങ്ങിയെങ്കിലും മറി‍ഞ്ഞില്ല. ഇടതുഭൂരിപക്ഷം പക്ഷേ നാലിലൊന്നായി വെട്ടിക്കുറച്ചു.  അതേ മുഹമ്മദ് ഇഖ്ബാൽ കഴിഞ്ഞ ദിവസം  ടി.പി.രാമകൃഷ്ണനു വേണ്ടി വോട്ടർഭ്യഥിച്ചു പേരാമ്പ്രയിലെത്തി!

പാർട്ടിക്കു പേരാമ്പ്രയിൽ ഉള്ളത്ര തന്നെ സ്വാധീനമുണ്ട് ടി.പി.രാമകൃഷ്ണനു പ്രവർത്തകർക്കിടയിൽ. പേരാമ്പ്ര എസ്റ്റേറ്റിലേക്കു 15 കിലോമീറ്ററോളം കാൽനടയായി പതിവായി പോയി തൊഴിലാളി സംഘടനാ പ്രവർത്തനം നടത്തിയിട്ടുള്ള രാമകൃഷ്ണനു പേരാമ്പ്രയുടെ വഴികളെല്ലാം പരിചിതം. 

ആ പരിചയം 2001 ലെ കന്നിയങ്കത്തിൽ പേരാമ്പ്രയിൽ ടിപിയ്ക്കു തുണയായി. സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ സംഘടനാരംഗത്തു ശ്രദ്ധയൂന്നിയ ടിപിയുടെ 15 വർഷത്തിനു ശേഷമുള്ള രണ്ടാം വരവിലും പേരാമ്പ്രക്കാർ ചേർത്തു പിടിച്ചു. ജയിപ്പിച്ചു മന്ത്രിയാക്കി. ടിപിയുടെ സ്വീകാര്യതയ്ക്കൊപ്പം മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളും വോട്ടായി മാറുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. 100 കോടിയുടെ പദ്ധതികൾ നടപ്പാക്കിയെന്നാണ് പാർട്ടിയുടെ വാദം.  കരിയർ ഡവലപ്മെന്റ് സെന്ററും മുതുകാട് ഐടിഐയും മുതൽ ഒട്ടേറെ റോഡുകളും പേരാമ്പ്ര ബൈപാസ് പദ്ധതിക്കു തുടക്കമിട്ടതുമെല്ലാം ആ പട്ടികയിലുണ്ട്.

യുഡിഎഫിൽ കേരള കോൺഗ്രസ് (എം) 1977 മുതൽ മത്സരിച്ചിരുന്ന സീറ്റ് അവർ മുന്നണിവിട്ടതോടെയാണ് മുസ്‌ലിം ലീഗിന് ലഭിച്ചത്. മണ്ഡലത്തിലെ പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മുൻ എംഎസ്എഫ് നേതാവിനെ മത്സരിപ്പിക്കാനുള്ള തീരുമാനമെത്തിയതു പാണക്കാട് നിന്നായതിനാൽ പാർട്ടിക്കുള്ളിൽ കാര്യമായ എതിർപ്പുയർന്നില്ല. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ പേരാമ്പ്ര ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും  സ്ഥാനാർഥി സാധ്യതാപട്ടികയിലൊന്നും മണ്ഡലത്തിലെ നേതാക്കളില്ലായിരുന്നു. അതുകൊണ്ടു തന്നെ സീറ്റ് ലീഗിനു ലഭിച്ചതിൽ കോൺഗ്രസ് പ്രദേശിക നേതൃത്വത്തിൽ പരിഭവങ്ങളില്ല. 

ലോക കേരള സഭാംഗമായ സി.എച്ച്. ഇബ്രാഹിംകുട്ടി പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന റുറൽ എജ്യൂക്കേഷൻആൻഡ് സോഷ്യൽ എംപവർമെന്റ് ട്രസ്റ്റിന്റെ (റീസെറ്റ്) സ്ഥാപകനും ചെയർമാനുമാണ്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യമായ ഇബ്രാംഹിംകുട്ടിയുടെ വ്യക്തിബന്ധങ്ങളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.  കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം  പുനർനിർമിച്ചുനൽകിയതും  കടിയങ്ങാട് ജുമാ മസ്ജിദിന്റെ സാംസ്കാരിക കേന്ദ്രം നിർമിച്ചതും ഇബ്രാഹിംകുട്ടിയാണ്. 

ചങ്ങരോത്ത് പഞ്ചായത്ത് ലഹരി വിമുക്തമാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടിയുടെ യുവജനസംഘടനകൾ ചേർന്നു രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ മുൻനിരയിലും ഇബ്രാഹിംകുട്ടിയുണ്ടായിരുന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം. ഇബ്രാഹിംകുട്ടിക്കു ലഭിക്കുന്ന രാഷ്ട്രീയേതര വോട്ടുകളും കൂടി ചേരുമ്പോൾ വിജയിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. 

കഴിഞ്ഞ വട്ടം എൽഡിഎഫിനൊപ്പം നിന്ന ചില വിഭാഗങ്ങളുടെ പിന്തുണയും  യുഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 5 വർഷം പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിൽ ഉണ്ടായ  വികസനം പോലും മന്ത്രിയുടെ  സ്വന്തം മണ്ഡലത്തിൽ ഇല്ലെന്നാണ് യുഡിഎഫിന്റെ പ്രധാന ആക്ഷേപം.  എൻഡിഎയിൽ കഴിഞ്ഞ വട്ടം ബിഡിജെഎസ് മത്സരിച്ച മണ്ഡലം ഇക്കുറി ബിജെപി ഏറ്റെടുത്തതു പാർട്ടിയുടെ ശക്തി തെളിയിക്കാനാണ്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ  പതിനായിരത്തിൽ താഴെയായിരുന്ന എൻഡിഎയുടെ വോട്ടുവിഹിതം ഇത്തവണ കുതിച്ചുകയറുമെന്നു ബിജെപി നേതാക്കൾ പറയുന്നു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ.വി.സുധീറാണ് സ്ഥാനാർഥി. നെഹ്റു യുവകേന്ദ്രയുടെ  ജില്ലാ പ്രൊജക്ട് ഓഫിസറും  യുവമോർച്ച  സംസ്ഥാന സേവാ കോഓർഡിനേറ്ററുമായിരുന്നു സുധീർ.  

2009,14,19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. എന്നാൽ 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായിരുന്നു വിജയം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4262 വോട്ടും 2014 ൽ 1175 വോട്ടും 2019 ൽ 13204 വോട്ടുമാണ് യുഡിഎഫ് സ്ഥാനാർഥികൾ പേരാമ്പ്ര മണ്ഡലത്തിൽ നേടിയ ലീഡ്.

 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് 15269വോട്ടിന്. 2016 ൽ 4101 വോട്ടിനും. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിലും എൽഡിഎഫിനാണ് ഭരണം. മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, കായണ്ണ  പഞ്ചായത്തുകൾ 2008 ലെ പുനർനിർണയത്തിൽ ഒഴിവാക്കി. 

പകരമെത്തിയത്  അരിക്കുളം, മേപ്പയൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ. ഇവയ്ക്കു പുറമെ, പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ   പഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണ് പേരാമ്പ്ര മണ്ഡലം.   നടേരിപ്പുഴയും കുറ്റ്യാടിപ്പുഴയും അതിരിടുന്ന പേരാമ്പ്രയിലാണ് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളും കാർഷിക സ്ഥാപനങ്ങളുമുള്ളത്.  ഇടതുപക്ഷത്തിന്  വളക്കൂറുള്ള ഈ കൃഷിഭൂമിയിൽ ഇക്കുറി ആരു വിളവെടുക്കുന്നറിയാനാണ് കാത്തിരിപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com