ഒപ്പം ഒപ്പത്തിനൊപ്പം
Mail This Article
13 മണ്ഡലങ്ങളിലെ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾക്കുമൊപ്പം കഴിഞ്ഞ 12 ദിവസമായി മനോരമ നടത്തിവന്ന യാത്രകൾ ഇന്ന് അവസാനിക്കുകയാണ്. ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് വയനാടും മലപ്പുറവുമായി അതിർത്തി പങ്കിടുന്ന തിരുവമ്പാടി മണ്ഡലത്തിലൂടെയാണ് ഈ യാത്ര.
ഉറപ്പിക്കുമോ മാഷ്?
വ്യാഴാഴ്ച രാഹുൽഗാന്ധി മണ്ഡലത്തിൽ പ്രചാരണത്തിനായി വന്നിറങ്ങിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. ആ ആവേശം കെടാതെ തിരഞ്ഞെടുപ്പുവരെ കൊണ്ടുപോവുകയാണ് സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദ് ചെയ്യുന്നത്. മുക്കത്തുകാർക്ക് സി.പി.ചെറിയമുഹമ്മദ് ‘സീപ്പി മാഷാ’ണ്. ഇന്നലെയും അതിരാവിലെ ആറു മണിയോടെ പ്രചാരണത്തിനായി സി.പി. കളത്തിലിറങ്ങി.
ഒൻപതു മണിവരെ മുക്കം മണാശ്ശേരി മേഖലകളിൽ വിവിധ വീടുകളിൽ സന്ദർശനം നടത്തി. കുടുംബസംഗമങ്ങളിൽ അതിഥിയായെത്തി. ചെല്ലുന്നിടത്തെല്ലാം പരിചയക്കാരോ ശിഷ്യൻമാരോ ഉണ്ടെന്നതാണ് സി.പി. എന്ന അധ്യാപകന്റെ സ്വീകാര്യതയും കരുത്തും. പത്തരയോടെ മാമ്പറ്റയിലെത്തിയ സി.പി ഡോൺബോസ്കോ കോളജിനു സമീപം പൊതുപരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മണാശ്ശേരി റോഡിൽ ഒരു കല്യാണവീടും സന്ദർശിച്ചു.
തുടർന്ന് കെഎംസിടിക്കു സമീപത്തെ ചില വീടുകളിൽ വോട്ടുചോദിച്ച ശേഷം തിരികെ മുക്കം നഗരത്തിലേക്കെത്തുമ്പോൾ സമയം പന്ത്രണ്ടു കഴിഞ്ഞു. വെള്ളിയാഴ്ച്ചയായതിനാൽ ഉച്ചയ്ക്ക് നിസ്കാരസമയം അടുക്കുകയാണ്. മുക്കം ഓർഫനേജ് റോഡിലാണ് സി.പി.യും സംഘവും വന്നിറങ്ങിയത്. റോഡരികിൽ ബിഗ് ബി ബൊട്ടീക്ക് മുതൽ ഓരോ കടയിലും കയറി വോട്ടഭ്യർഥിച്ചു തുടങ്ങി. കടയരികിൽ ലോട്ടറി വിൽക്കുന്ന ശിവദാസനെക്കണ്ടു.
ഭാഗ്യക്കുറി വേണ്ടെങ്കിലും വോട്ടുവേണമെന്ന് പുഞ്ചിരിയോടെ പറഞ്ഞു. ജംക്ഷനു നടുവിൽ എസ്.കെ.പൊറ്റെക്കാട് സ്മാരകത്തിനു താഴെ ഉന്തുവണ്ടിയിൽ മാങ്ങയും നാരങ്ങയുമൊക്കെ വിൽക്കുകയാണ് അത്താഴക്കുന്നുമ്മൽ ഉണ്ണിമോയീൻ. 24 വർഷമായി ഇവിടെ കച്ചവടം നടത്തിവരികയാണ്. സി.പി. റോഡിനപ്പുറത്തുനിന്ന് ഉണ്ണിമോയീനെക്കണ്ട് റോഡ് മുറിച്ചുകടന്ന് അടുത്തേക്കുവന്നു. ‘‘ഒരു കിലോ മാങ്ങ എടുക്കട്ടെ സീപ്പീ?’’ എന്നു ഉണ്ണിമോയീൻ. മാങ്ങയുടെ മൂപ്പുനോക്കി.
‘‘തൽക്കാലം ഇന്നുവേണ്ട മോയീൻക്കാ, തിരക്കിലാണ്, വോട്ടുചെയ്യാൻ മറക്കണ്ട’’ എന്നുപറഞ്ഞ് സിപി ചിരിച്ചുകൊണ്ട് നടന്നുനീങ്ങി. ‘‘ മൂപ്പരെന്റെ സ്ഥിരം കസ്റ്റമറാ’’ എന്ന് ഉണ്ണിമോയീൻ ആവേശം കൊണ്ടു. പന്ത്രണ്ടരയോടെ ബാങ്കുവിളി ഉയർന്നു. കടകളിലെ സന്ദർശനം പെട്ടന്ന് അവസാനിപ്പിച്ച് സിപി നിസ്കരിക്കാൻ പള്ളിയിൽ കയറി. തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിയോടെ തോട്ടത്തിൻകടവിലെത്തി. കല്ലുരുട്ടി, തെച്ച്യാട്, പൂളപ്പൊയിൽ, ചേന്ദമംഗലൂർ, നെല്ലിക്കാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കറങ്ങി മുക്കത്താണ് റോഡ്ഷോ സമാപിച്ചത്.
‘പോസിറ്റീവ്’ ഊർജം
നിഷ്കളങ്കമായ മുഖത്തു വിരിയുന്ന പുഞ്ചിരി. എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് മുന്നിൽവന്നൊന്നു പുഞ്ചിരിക്കുമ്പോൾ നാട്ടുകാരിലും ആ ‘പോസിറ്റീവ് എനർജി’ നിറയുകയാണ്. ജീവിതത്തെ കരുത്തോടെ നേരിടുന്ന യുവാവ്. തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടുകുതിക്കുകയാണ് ലിന്റോ. ദുഃഖവെള്ളി ദിനമായ ഇന്നലെ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു.
ഇന്നലെ രാവിലെ മുതൽ കൊടിയത്തൂർ മേഖലയിൽ വീടുകളിൽ സന്ദർശനവുമായി ലിന്റോ തിരക്കിലായിരുന്നു. അവിടെനിന്ന് മുക്കത്തേക്കെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. തുടർന്ന് അഗസ്ത്യമൂഴി മേഖലയിലെ വീടുകളും കടകളും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. തുടർന്ന് അഗസ്ത്യമൂഴി ജംക്ഷനിൽനിന്ന് തിരുവമ്പാടി റോഡിലേക്കു തിരിഞ്ഞു. ഒരു മണിയോടെയാണ് തൊണ്ടിമ്മൽ ഗവ.എൽപി സ്കൂളിനു സമീപത്ത് മുണ്ടോംപറമ്പിൽ ഭഗവതികാവിനു സമീപത്തെത്തിയത്.
ഏതാനും വീടുകളോടു ചേർന്നുള്ള ചെറിയ കാവാണ്. അവിടെ തിറ ഉത്സവമാണ്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം തിറ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ കുടുംബാംഗങ്ങളും അത്യാവശ്യം പരിസരവാസികളും എത്തിച്ചേർന്നിട്ടുണ്ട്. ലിന്റോ ക്ഷേത്രത്തിനുസമീപത്തെ വീട്ടിലേക്കുകയറി. ക്ഷേത്രത്തിലെ കോമരങ്ങളായ വേലായുധനെയും അശോകനെയും കണ്ടു. വയോധികയായ കോട്ടിയമ്മയോട് വിശേഷങ്ങൾ തിരക്കി.
തിരികെ ഊണുകഴിക്കാനായി നീങ്ങുന്നതിനിടെയാണ് രണ്ടു കുഞ്ഞുമക്കളെ കണ്ടത്. ജിനോയുടെ മക്കളായ ജിഷ്നാദ് കൃഷ്ണയും വൈശാഖ് കൃഷ്ണയും. ലിന്റോ കൈനീട്ടിയപ്പോൾ ആദ്യം ഇരുവരും അമ്പരപ്പോടെ നോക്കി. പിന്നെ പുഞ്ചിരിച്ചു. എൺപതുകാരിയായ ഉപ്പായിഅമ്മയുടെ അനുഗ്രഹവും വാങ്ങിയാണ് ലിന്റോ ആ വീട്ടിൽനിന്നിറങ്ങി ഭക്ഷണസ്ഥലത്തേക്ക് പോയത്. പിന്നെ ഉത്സവം കൂടാനെത്തിയവർക്കൊപ്പമിരുന്ന് ഭക്ഷണം. അതുകഴിഞ്ഞ് തിരുവമ്പാടി മേഖലയിലേക്ക്.
ഉള്ളറിഞ്ഞ് ബേബി അമ്പാട്ട്
ദുഃഖവെള്ളിയായതിനാൽ എൻഡിഎ സ്ഥാനാർഥി ബേബി അമ്പാട്ട് പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. പ്രാർഥനയും മറ്റുമായി അതിരാവിലെ തിരക്കുകൾ തുടങ്ങി. ഉച്ചവരെ നെല്ലിക്കോട്ടെ വീട്ടിലായിരുന്നു. ഉച്ചയോടെ ഗൃഹസന്ദർശനങ്ങൾക്കും കുടുംബസംഗമങ്ങൾക്കുമായി ബേബി അമ്പാട്ട് തിരുവമ്പാടിയിലേക്ക് തിരിച്ചു.
മലയോരമേഖലയിൽ ശക്തമായ ഒരു മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞതിന്റെ ആവേശമുണ്ടെന്ന് ബേബി അമ്പാട്ട് പറഞ്ഞു. ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് ബേബി അമ്പാട്ട് അഗസ്ത്യമൂഴിയിലെത്തിയത്. തിരുവമ്പാടി റോഡിൽ തൊണ്ടിമ്മൽ ചെറുപ്ര റസിഡന്റ്സ് അസോസിയേഷനിലെ ഏതാനും വീടുകളിലേക്കാണ് ബേബിയും സംഘവും കയറിയത്. കെ.രാജിയുടെ വീട്ടിൽ കയറിച്ചെന്നപ്പോൾ എല്ലാവരും അപ്രതീക്ഷിതമായി സ്ഥാനാർഥിയെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു.
മലപ്പുറത്തെ സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയായതിനാൽ വോട്ടു ചെയ്യേണ്ടതെങ്ങനെയാണെന്ന് ചോദിച്ചു മനസിലാക്കി. വിശദമായി എല്ലാം പറഞ്ഞുകൊടുത്തു. വോട്ടു തനിക്കുതരണമെന്ന് കൈകൂപ്പി ചോദിച്ചാണ് ബേബി അമ്പാട്ട് റോഡിലേക്കിറങ്ങിയത്. ഇതിനിടെ പറമ്പിൽ മീൻവളർത്തലിനുണ്ടാക്കുന്ന ചെറിയ കുളം നോക്കാനും അതിന്റെ വിശേഷങ്ങളറിയാനും ബേബി മറന്നില്ല. തൊണ്ടിമ്മൽ മുണ്ടോംപറമ്പിൽ കാവിലേക്കാണ് ബേബിയും സംഘവും ചെന്നുകയറിയത്.
തിറ ഉത്സവത്തിന്റെ ഒരുക്കങ്ങൾ നടക്കുകയാണ്. ക്ഷേത്ര കാരണവൻമാരെ കണ്ടു. വീട്ടമ്മമാരെ കണ്ടു. ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്ന് വീട്ടുകാരുടെ നിർബന്ധം. ചെരിപ്പൂരി കയ്യിൽ പിടിച്ച് ഭക്ഷണപ്പന്തലിലേക്ക് നടക്കുന്നതിനിടെ ബേബിയെകണ്ട് രണ്ടുപേർ ഓടിയെത്തി. ക്ഷേത്രത്തിൽ ഉത്സവത്തിനു തിറ കെട്ടാനും ചെണ്ട കൊട്ടാനുമായി വന്ന ഓമശ്ശേരി മാങ്ങാട് മൂത്തേടത്തുപറമ്പ് ഷാജിയും ശിവയുമാണ്. ബേബി അമ്പാട്ടിന്റെ വീടിനുസമീപത്തെ ക്ഷേത്രത്തിലും ഉത്സവത്തിന് ഈ ക്ഷേത്രകലാകാരൻമാർ എത്താറുണ്ട്.
തിരുവമ്പാടിയിലെ സ്ഥാനാർഥിയായി ബേബി അമ്പാട്ടുണ്ടെന്ന് അറിയാമെങ്കിലും അദ്ദേഹത്തെ നേരിട്ടുകണ്ടതിന്റെ ആവേശത്തിലായിരുന്നു ഇരുവരും. ക്ഷേത്രത്തിൽനിന്ന് നേരെ തിരുവമ്പാടിയിലേക്കാണ് ബേബിയും സംഘവും പോയത്. ഏതാനും കുടുംബസംഗമങ്ങൾ രാത്രിക്കുമുന്നേ തീർക്കാനുണ്ട്. അവസാനവട്ട ഒരുക്കങ്ങളുടെ ചർച്ചകളും നടത്താനുണ്ട്.