ബാലുശ്ശേരി മാർക്കറ്റിൽ വോട്ട് തേടി ധർമജൻ; നിശ്ശബ്ദ പ്രചാരണ ദിവസവും വിശ്രമമില്ലാതെ...
Mail This Article
ബാലുശ്ശേരി ∙ വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാന വട്ട ഓട്ടത്തിലായിരുന്നു ഇന്നലെ സ്ഥാനാർഥികൾ. നിശ്ശബ്ദ പ്രചാരണ ദിവസം വിശ്രമം ഇല്ലാതെയാണ് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും സജീവമായത്.എൽഡിഎഫ് സ്ഥാനാർഥി കെ.എം.സച്ചിൻദേവ് അസുഖ ബാധിതരെ വീടുകളിൽ എത്തി സന്ദർശിച്ചു. മരണ വീടുകളിലും വിവാഹ വീടുകളിലും സ്ഥാനാർഥി എത്തി. പനായി കോഴിക്കോടൻകണ്ടി ഉത്സവം കാണാൻ സച്ചിൻദേവ് എത്തി. നേരിൽ കാണാൻ കഴിയാതെ പോയവരോട് ഫോണിൽ വോട്ട് അഭ്യർഥിച്ചു.
യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി മുൻപ് എത്താൻ കഴിയാതെ പോയ സ്ഥലങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. അതിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാലുശ്ശേരി മാർക്കറ്റ്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തി വോട്ടിന്റെ കാര്യം ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
എൻഡിഎ സ്ഥാനാർഥി ലിബിൻ ബാലുശ്ശേരി പ്രവർത്തകർക്കൊപ്പം പ്രമുഖ വ്യക്തികളെ സന്ദർശിച്ചു വോട്ട് തേടി. ആശുപത്രിയും വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. പര്യടനത്തിനിടെ കാണാൻ കഴിയാതെ പോയവരെ ഫോണിൽ വിളിച്ചു. രാത്രി ഫെയ്സ് ബുക്ക് ലൈവിൽ എത്തി.
സ്ക്വാഡുകൾ തിരിഞ്ഞാണ് മുന്നണികളുടെ പ്രവർത്തകർ നിശ്ശബ്ദ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. വീടുകളിലും സ്ഥാപനങ്ങളിലും എത്തി വോട്ടേഴ്സ് സ്ലിപ്പുകൾ കൈമാറി. രാത്രിയോടെ പോളിങ് സ്റ്റേഷന്റെ നിശ്ചിത ദൂരപരിധിക്കുള്ളിൽ പ്രവർത്തകർ ബൂത്തുകൾ ഒരുക്കി.സ്ഥാനാർഥികളുടെ വോട്ട് അഭ്യർഥന വിഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ രാത്രി വൈകിയും സജീവമായിരുന്നു.
നിശ്ശബ്ദ പ്രചാരണത്തിൽ മുഴുകി സ്ഥാനാർഥികൾ
കൊയിലാണ്ടി∙ യുഡിഎഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ നിശ്ശബ്ദ പ്രചാരണം പൂർത്തിയാക്കി. രാവിലെ കൊല്ലത്ത് വോട്ടർമാരെ സന്ദർശിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറി, പൊയിൽക്കാവിലെ ഖാദി നെയ്ത്ത് കേന്ദ്രം, ചെങ്ങോട്ടുകാവ് ടൗൺ, നാലു സെന്റ് കോളനി, കൊയിലാണ്ടി ഫിഷർമെൻ കോളനി, കാളിയാട്ട മഹോത്സവം നടക്കുന്ന പിഷാരികാവ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തി.
കാനത്തിൽ ജമീല സന്ദർശനം നടത്തി
എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല കൊല്ലം പിഷാരികാവ്, മൂടാടി, തിക്കോടി എന്നിവിടങ്ങളിൽ വോട്ടർമാരെ കാണാനെത്തി. കെ.കെ.മുഹമ്മദ്, കെ.ദാസൻ എംഎൽഎ, കെ.ജീവാനന്ദർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
എൻ.പി.രാധാകൃഷ്ണൻ പ്രചാരണം നടത്തി
എൻഡിഎ സ്ഥാനാർഥി എൻ.പി.രാധാകൃഷ്ണൻ പന്തലായനിയിലെ പ്രവർത്തകരുടെ വീടുകളിലും പിഷാരികാവിലേയ്ക്കു വരവ് പോകുന്ന ക്ഷേത്രത്തിലും, ചെറിയമങ്ങാട്, കണ്ണൻ കടവ്, പയ്യോളി, കാട്ടിൽ പീടിക തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തി. വി.കെ.രാമൻ, എം.എൻ. സജാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
നേതാക്കൾ ഭവന സന്ദർശനം നടത്തി
കൂരാച്ചുണ്ട് ∙ ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും,പ്രവർത്തകരും നിശ്ശബ്ദ പ്രചാരണത്തിൽ അവസാന റൗണ്ടിൽ വോട്ട് ഉറപ്പിക്കുന്നതിനായി ഭവന സന്ദർശനം നടത്തി.പരസ്യ പ്രചാരണം അവസാനിച്ചതോടെ വീടുകൾ കയറി പ്രവർത്തകരെ നേരിൽ കാണുന്നതിന് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.
അവസാന വോട്ട് ഉറപ്പിക്കാൻ സ്ഥാനാർഥികൾ
പേരാമ്പ്ര ∙ നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്നലെ അവസാനത്തെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു പേരാമ്പ്രയിലെ മുന്നണി സ്ഥാനാർഥികൾ. കഴിഞ്ഞ 5 വർഷമായി കേരളത്തിലും പേരാമ്പ്രയിലും നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ നിശ്ശബ്ദ പ്രചാരണം.
ജീവകാരുണ്യ പ്രവർത്തനത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിലും ഏറെ മുന്നേറിയ യുഡിഎഫ് സ്ഥാനാർഥി സി.എച്ച്.ഇബ്രാഹിം കുട്ടി ചെയ്യാൻ ഉറപ്പിച്ച കാര്യങ്ങൾ നിരത്തി വോട്ടു ചോദിച്ചു.
ശബരിമല വിഷയവും വികസന മുരടിപ്പും എടുത്തു കാട്ടി എൻഡിഎ സ്ഥാനാർഥി കെ.വി.സുധീറും മണ്ഡലത്തിൽ നിശ്ശബ്ദ പ്രചാരണം നടത്തി.
സ്ഥാനാർഥികൾവോട്ടിനെത്തും
വടകര ∙ എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ ഇന്ന് കാർത്തികപ്പള്ളി നമ്പർ വൺ യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥി കെ.കെ.രമ നെല്ലാച്ചേരി സ്കൂളിൽ സമ്മതിദാന അവകാശം വിനിയോഗിക്കും. എൻഡിഎ സ്ഥാനാർഥി എം.രാജേഷ്കുമാറിന് വളയം നോർത്ത് എൽപി സ്കൂളിലെ 61–ാം ബൂത്തിലാണ് വോട്ട്. വടകര ∙ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എൽപി സ്കൂളിലെ 26–ാം ബൂത്തിൽ ചെയ്യും.