ADVERTISEMENT

കോഴിക്കോട് ∙ തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് ജയിക്കുമോ അതോ സി.പി.ചെറിയമുഹമ്മദ് ജയിക്കുമോ? മുക്കത്ത് രണ്ടു കൂട്ടുകാർ ചിക്കൻ മന്തിയുടെയും ഫുൾ ബ്രോസ്റ്റഡിന്റെയും പേരിൽ പന്തയം വച്ച് കരാർപത്രം ഒപ്പിട്ടത് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അല്ലെങ്കിലും, ആരു ജയിച്ചാലും തോറ്റാലും ഭക്ഷണം വിട്ടൊരു കളി കോഴിക്കോട്ടുകാർക്കില്ലല്ലോ!എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് ജയിക്കുമെന്നാണ് നോർത്ത് കാരശ്ശേരി  ജംഷീർ. യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ആനയാംകുന്ന് മലാംകുന്ന് സ്വദേശി ഹരിദാസനും പറഞ്ഞു. ഇവർ തമ്മിലാണ് പന്തയം.

പന്തയത്തിൽ പരാജയപ്പെടുന്ന ആൾ അഗസ്ത്യൻമൂഴിയിലെ നഹ്ദി മന്തിയിൽ നിന്നു ചിക്കൻ മന്തിയും നോർത്ത് കാരശ്ശേരിയിലെ കോക്കോ നാഷൻ റസ്റ്റോറന്റിൽ നിന്നു ഫുൾ ബ്രോസ്റ്റഡും വിജയിക്കുന്ന ആൾക്ക് വാങ്ങി നൽകണമെന്നാണ് പന്തയം. ഫലം വന്ന് 7 ദിവസത്തിനകം വാങ്ങി നൽകുകയും ചെയ്യണമെന്നു സാക്ഷികൾ മുഖേന വെള്ള കടലാസിൽ എഴുതി ഒപ്പിട്ടിട്ടുമുണ്ട്. പുത്തൻ വീട്ടിൽ ഷബീൽ, കൊട്ടുപുറത്ത് അബ്ദുൽ ഗഫൂർ എന്നിവരാണ് സാക്ഷികൾ.

‘ഇന്നും ഇന്നലെയും തുടങ്ങിയ പന്തയമല്ല. പത്തുകൊല്ലം മുൻപ് ബിരിയാണിയുടെ പേരിലാണ് പന്തയം വച്ചുതുടങ്ങിയത്. അന്ന് ബ്രോസ്റ്റ് ഒന്നും വന്നിട്ടില്ലല്ലോ!  എല്ലാ ഇലക്‌ഷനിലും ഇതുപോലെ പന്തയം വയ്ക്കാറുണ്ട്. ഇത്രേം വൈറലായത് ആദ്യമായാണ്’ – ജംഷീർ പറയുന്നു.പന്തയക്കരാർ തങ്ങൾ തന്നെയാണ് എഴുതി തയാറാക്കുന്നത്. ഭക്ഷണം വാങ്ങിക്കൊടുക്കുകയല്ലേ. അതുകൊണ്ട് പണം പോയി എന്ന തോന്നലൊന്നും തോൽക്കുന്നവർക്കു വേണ്ടല്ലോ. ജയിച്ചയാളും തോറ്റയാളും സാക്ഷികളുമൊക്കെ ഒരുമിച്ച്  ഭക്ഷണം കഴിക്കും. തോറ്റയാൾ ബില്ലിനു പണം കൊടുക്കുമെന്നും ജംഷീർ പറഞ്ഞു.

വോട്ടെണ്ണാൻ മൂന്നാഴ്ച ബാക്കിയുണ്ട്. ഇപ്പോൾ പന്തയംവച്ചാൽ അപ്പോഴേക്കു മറന്നുപോയാലോ എന്നതുകൊണ്ടാണ് കരാർ എഴുതി സാക്ഷികളെ വച്ച് ഒപ്പിടുന്നത്.സ്ഥാനാർഥി പ്രഖ്യാപനത്തിനുമുന്നേ ശ്രദ്ധ നേടിയ മണ്ഡലമായ തിരുവമ്പാടിയിൽ ലീഗിന്റെ സ്ഥാനാർഥിയായാണ് അധ്യാപക സംഘടനാ നേതാവ് സി.പി.ചെറിയമുഹമ്മദ് മത്സരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റാണ് എൽഡിഎഫ് സ്ഥാനാർഥി ലിന്റോ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com