ആരോ വലിച്ചെറിഞ്ഞ ഒരു സിഗരറ്റു കുറ്റി നശിപ്പിച്ചത് ഒട്ടേറെ കപ്പലുകളെ, മറക്കരുത് 1944ലെ മുംബൈ ദുരന്തം
Mail This Article
പുകവലി ആരോഗ്യത്തിന് ഹാനികരം ആണെങ്കിൽ അതിലും ഹാനികരമാണ് പുകവലിച്ച് ശേഷം സിഗരറ്റുകുറ്റി വലിച്ചെറിയുന്നത്. കെടാതെ എരിയുന്ന ഒരു സിഗരറ്റ് കുറ്റിക്ക് ഒരു പ്രദേശത്തെ ആകെ സംഹരിക്കാനാകും. അതിനുള്ള വലിയൊരു ഉദാഹരണമാണ് 1944 ൽ മുംബൈ തുറമുഖത്ത് നടന്നത്.
സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ നിറയെ ചരക്കുമായി എത്തിയ എസ്എസ് ഫോർട്ട് സ്റ്റിക്കിനേ എന്ന ചരക്കുകപ്പലിലെ ജീവനക്കാരിൽ ആരോ വലിച്ചെറിഞ്ഞ ഒരു സിഗരറ്റുകുറ്റി, അതിൽ നിന്നും ഉണ്ടായ തീപിടുത്തം ഒട്ടേറെ കപ്പലുകളെയും അതിലെ കോടിക്കണക്കിനു രൂപയുടെ ചരക്കും ഇല്ലാതാക്കി കളഞ്ഞു. ഒപ്പം അതിലേറെ വിലയുള്ള നൂറുകണക്കിന് ജീവനുകൾ ആണ് ദുരന്തത്തിൽ നഷ്ടമായത്.കപ്പലിൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്നറിഞ്ഞ് അതിലേക്ക് തീ പടരാതിരിക്കാൻ അക്ഷീണ പ്രയത്നം നടത്തിയ 59 അഗ്നിശമനസേന ഉദ്യോഗസ്ഥരും രക്തസാക്ഷികളിൽപ്പെടുന്നു.
സഹജീവികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്താനുള്ള പ്രവർത്തനത്തിൽ സ്വജീവൻ വെടിഞ്ഞ ആ ധീരപോരാളികളോടുള്ള ആദരസൂചകമായും രാജ്യത്ത് വിവിധങ്ങളായ അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ ജീവൻ ബലി കൊടുക്കേണ്ടി വന്ന നൂറുകണക്കിന് അഗ്നിരക്ഷാസേന അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും രാജ്യം എല്ലാ വർഷവും ഏപ്രിൽ 14 ന് ഫയർ സർവീസ് ഡേയായി ആചരിക്കുന്നു.
1944 മുംബൈ തുറമുഖത്ത് ഉണ്ടായ ഈ തീവ്ര സ്ഫോടനത്തിന്റെ സ്മരണയിൽ അഗ്നി സംബന്ധമായ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും മുൻകരുതലുകൾ സ്വീകരിക്കുവാനും വേണ്ടി രാജ്യം ഏപ്രിൽ 14 മുതൽ 20 വരെ അഗ്നി സുരക്ഷാ വാരം ആയി ആചരിക്കുകയാണ്.
സൈക്ലത്തോണിന് ആവേശകരമായ തുടക്കം
ദേശീയ അഗ്നിരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാ വകുപ്പിന്റെയും കേരള സിവിൽ ഡിഫൻസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുനിന്നും കോഴിക്കോടു നിന്നും സൈക്ലത്തോണുകൾ ആരംഭിച്ചു.
കോഴിക്കോട് മീൻചന്ത ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കോഴിക്കോട് റീജനൽ ഫയർ ഓഫീസർ ടി. രജീഷ് സൈക്ലത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കോഴിക്കോട് ഡിഎഫ്ഒ മൂസ വടക്കേതിൽ, സ്റ്റേഷൻ ഓഫീസർ ടി.വി. വിശ്വാസ്, കോഴിക്കോട് സിവിൽ ഡിഫൻസ് ചീഫ് വാർഡൻ സിനീഷ്, എറണാകുളം ഡിവിഷനൽ വാർഡൻ ബിനു മിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി ഐഎഡബ്ള്യൂസിആർ ഡയറക്ടറും റീജനൽ ഫയർ ഓഫീസറുമായ എം.ജി. രാജേഷാണ് കോഴിക്കോട് നിന്നുള്ള സൈക്ലത്തോൺ ടീമിന്റെ റൈഡ് കമാൻഡർ. കൊച്ചി ഐഎഡബ്ല്യുസിആർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് റൈഡ് ലീഡറായും ഒപ്പമുണ്ട്. ഇവരോടൊപ്പം അഗ്നിരക്ഷാ വകുപ്പിലെയും സിവിൽ ഡിഫൻസിലെയും സൈക്കിളിസ്റ്റുകൾ പങ്കെടുക്കുന്ന സൈക്ലത്തോണുകൾ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 17 ന് രാവിലെ കൊച്ചിയിൽ സംഗമിക്കും.
ദേശീയ ഫയർ സർവീസ് ഡേയുടെ ഭാഗമായി അഗ്നിസുരക്ഷയും മുൻകരുതലുകളും ആയി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വനിതകൾ ഉൾപ്പെടെയുള്ള സിവിൽ ഡിഫൻസ് വോളന്റിയർമാരും സൈക്ലത്തോണിൽ പങ്കു ചേരുന്നു.