സമുദായ സമവാക്യങ്ങൾ മാറി; തിരുവമ്പാടിയെ ഞെട്ടിച്ച് ഇടതുജയം
Mail This Article
കോഴിക്കോട്∙ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലുൾപ്പെടെ നേട്ടമുണ്ടാക്കിയാണു തിരുവമ്പാടിയിലെ എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിന്റെ വിജയം. രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥി നിർണയത്തിലെ സാമുദായിക സമവാക്യങ്ങളും എൽഡിഎഫ് വിജയത്തിനു പിന്നിലുണ്ട്. ജില്ലയിൽ ഇടതുതരംഗം വീശിയപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം പരിധിയിൽ യുഡിഎഫായിരുന്നു മുൻപിൽ. മുക്കം നഗരസഭയും കൂടരഞ്ഞി പഞ്ചായത്തും ഒഴികെ മണ്ഡലത്തിലെ 5 തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിനാണു ഭരണം.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സാമുദായിക ധ്രുവീകരണം എൽഡിഎഫിന് അനുകൂലമായതോടെ, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും ലിന്റോ നേട്ടമുണ്ടാക്കി. തിരുവമ്പാടി സീറ്റ് ഇക്കുറി മുസ്‌ലിം ലീഗിൽ നിന്നു കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. താമരശ്ശേരി രൂപതാ ആസ്ഥാനം സന്ദർശിച്ച കോൺഗ്രസ് നേതാക്കളോട് രൂപതാ അധികൃതർ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതുമാണ്.
സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും പകരം ലീഗ് ആവശ്യപ്പെട്ട സുരക്ഷിത സീറ്റുകൾ നൽകാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് ലീഗിന്റെ അക്കൗണ്ടിൽ തിരുവമ്പാടി സീറ്റ് നൽകാമെന്ന ചർച്ചകൾ നടന്നെങ്കിലും ലീഗ് പ്രാദേശിക നേതൃത്വം എതിർത്തു. കോഴിക്കോട്, വയനാട് ജില്ലകളിൽ യുഡിഎഫിന് ക്രിസ്ത്യൻ സ്ഥാനാർഥിയില്ലെന്ന ആക്ഷേപവും ഉണ്ടായിരുന്നു.
ലിന്റോ ജോസഫിനെ സ്ഥാനാർഥിയാക്കിയതിനെതിരെ തുടക്കത്തിൽ സിപിഎമ്മിനുള്ളിൽ ചില മുറുമുറുപ്പുകൾ ഉയർന്നെങ്കിലും അതു പ്രചാരണത്തെ ബാധിക്കാതെ ശ്രദ്ധിക്കാൻ പാർട്ടിക്കു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ക്രിസ്ത്യൻ സമുദായത്തിലുണ്ടായ അതൃപ്തി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും ഫലം കണ്ടില്ല. അതേ സമയം ഈ മേഖലകളിൽ നേട്ടമുണ്ടാക്കാൻ എൽഡിഎഫിനായി.