ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിലെ ഇടതുകോട്ടയായ എലത്തൂരിൽ എ.കെ.ശശീന്ദ്രനു ഹാട്രിക് വിജയം. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ എ.കെ.ശശീന്ദ്രനെ മാത്രം വിജയിപ്പിച്ച ശീലമേ എലത്തൂരുകാർക്കുള്ളൂ. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവുമായാണ് (38,502‬) എ.കെ.ശശീന്ദ്രന്റെ വിജയമെന്നതു മാറ്റുകൂട്ടുന്നു.2006ൽ എ.സി.ഷൺമുഖദാസിന്റെ പിൻഗാമിയായി ബാലുശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച എ.കെ.ശശീന്ദ്രൻ പിന്നീട് എലത്തൂർ മണ്ഡലം രൂപീകരിച്ചതോടെയാണ് 2011ൽ എംഎൽഎയായത്. അന്ന് 14,760 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ൽ ഭൂരിപക്ഷം 29,057 വോട്ടായി ഉയർത്തി. 

2021ൽ 38,052 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഹാട്രിക് വിജയം നേടിയത്. ബാലുശ്ശേരിയിലെ വിജയമടക്കം  ഇതു നാലാം തവണയാണ് ശശീന്ദ്രൻ എംഎൽഎയാവുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ സ്വന്തം പാർട്ടിക്കൊപ്പം പ്രവർത്തിച്ച സുൾഫിക്കർ മയൂരിയാണ് ഇത്തവണ ശശീന്ദ്രനെ നേരിടാനെത്തിയത്. മാണി സി.കാപ്പന്റെ എൻസികെയുടെ സ്ഥാനാർഥിയായെത്തിയ സുൾഫിക്കറിന് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ നിന്നു കനത്ത പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെയാണ് ശശീന്ദ്രന്റെ ഭൂരിപക്ഷം വർധിച്ചതെന്ന് അണികളും പറയുന്നുണ്ട്. 

പലയിടത്തും കാര്യമായ പ്രചാരണം നടത്താൻ സുൾഫിക്കർ മയൂരിക്ക് കഴിഞ്ഞിരുന്നില്ല. പ്രാദേശികതലത്തിൽ നേതാക്കളുടെ വിട്ടുനിൽക്കലും യുഡിഎഫിനു വെല്ലുവിളിയായി.ആകെ പോൾ ചെയ്ത 1,64,613 വോട്ടിൽ 83,639 വോട്ടാണ് ശശീന്ദ്രന് ലഭിച്ചത്. 45,137 വോട്ട് നേടി സുൽഫിക്കർ മയൂരി (എൻസികെ) രണ്ടാം സ്ഥാനത്തെത്തി. 32,010 വോട്ട് നേടി ടി. പി ജയചന്ദ്രൻ (ബിജെപി) മൂന്നാമതെത്തി. 984 പേർ നോട്ടയ്ക്കാണു കുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com