ADVERTISEMENT

കോഴിക്കോട് ∙ ജീവിതം പാളം തെറ്റിച്ച കടലുണ്ടി ട്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമയ്ക്ക് ഇന്നു രണ്ടു പതിറ്റാണ്ടു തികയുമ്പോഴും കാര്യമായ ആനുകൂല്യം ഒന്നും ലഭിക്കാതെ കല്ലായി ചാത്തനാട്ടു പറമ്പ് പൊന്നരാശ്ശേരി ജയപ്രകാശൻ (63) അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നു. രണ്ടു കാലിനും ഇടതു കണ്ണിനും പരുക്കേറ്റ ജയപ്രകാശന് ആകെ ലഭിച്ചതു കേന്ദ്രസർക്കാരിൽ നിന്നു 25,000 രൂപയും സംസ്ഥാന സർക്കാരിൽ നിന്നു 10,000 രൂപയും മാത്രം. അതു താൽക്കാലിക സഹായമാണ് എന്നാണു പറഞ്ഞിരുന്നത്.

ആനുകൂല്യത്തിനായി കേസ് കൊടുത്തെങ്കിലും ഒന്നും എവിടെയും എത്തിയില്ല.വീട് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സഹോദരിയോടു പണം വാങ്ങാനായി പുറപ്പെട്ടതായിരുന്നു ജയപ്രകാശൻ. 2001 ജൂൺ 22 നു വൈകിട്ട് 4.45 നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു മംഗളൂരു – ചെന്നൈ എക്സ്പ്രസിൽ ജനറൽ കംപാർട്മെന്റിൽ കയറി. ട്രെയിൻ കടലുണ്ടി പാലത്തിൽ പ്രവേശിച്ചു അൽപം കഴിഞ്ഞപ്പോൾ എന്തൊക്കെയോ സംഭവിക്കുന്നതായി തോന്നി. പിന്നെ ഒന്നും ഓർമയില്ല. 

ബോധം തെളിഞ്ഞപ്പോൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. പുഴയിലേക്കു വീണ കംപാർട്മെന്റിൽ ജയപ്രകാശൻ ഉണ്ടായിരുന്നു. ഒരു കാലിന്റെ എല്ലു പൊട്ടി, മറ്റേ കാലിനും പരുക്കേറ്റു. ഇടതു കണ്ണിന്റെ വശത്തു ഗ്ലാസ് തുളച്ചു കയറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസം കഴിഞ്ഞു. ഇപ്പോൾ കാഴ്ച പൂർണതോതിൽ ഇല്ല. മരക്കമ്പനിയിൽ ജോലിക്കാരനായിരുന്ന ജയപ്രകാശിനു പിന്നീട് ശരിക്കു ജോലിക്കു പോകാൻ പറ്റാതെയുമായി.

മക്കളുടെ പഠനത്തിനും വീട്ടു ചെലവിനും പണമില്ലാതെ വിഷമിച്ചു. നഷ്ടപരിഹാരം ലഭിച്ചാൽ തിരിച്ചു കൊടുക്കാമെന്നു കരുതി പലരോടും കടം വാങ്ങി. അതെല്ലാം ബാധ്യതയായി തീർന്നു.കടലുണ്ടി അപകടത്തിനു ശേഷം ജയപ്രകാശന്റെ ജീവിതത്തിൽ ദുരന്തങ്ങൾ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു. ഭാര്യ ശ്രീലതക്കു കാൻസർ പിടിപെട്ടു. അവർ 4 വർഷം മുൻപു മരിച്ചു. 2 ആൺകുട്ടികളിൽ ഒരാൾ ശ്രീജിത്ത് (29) 2 വർഷം മുൻപു കൊണ്ടോട്ടിയിൽ അപകടത്തിൽ മരിച്ചു. മറ്റൊരു മകനായ അമൃതാനന്ദൻ 3 വർഷം മുൻപു വീടുവിട്ടു പോയി. ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com