കുഞ്ഞിരാമനും തായാട്ട് ശങ്കരനും എംഎസ്പി ക്യാംപിലേക്ക് മുദ്രാവാക്യം വിളിച്ചു നടന്നുകയറി; കത്തുന്ന ഓർമയായി കതിരൂർ വിദ്യാർഥി സമരം
Mail This Article
കോഴിക്കോട്∙ ഇന്നു സ്വാതന്ത്ര്യദിനം. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് 75 വയസ്സു തികയുന്നത് അടുത്തവർഷമാണ്. ക്വിറ്റ് ഇന്ത്യാസമരത്തിന് 80 വയസ്സ് പൂർത്തിയാവുന്നത് അടുത്തവർഷം ഓഗസ്റ്റിലാണ്. മലബാറിലെ സമരങ്ങൾക്കു കടിഞ്ഞാണിടാൻ ബ്രിട്ടിഷുകാർ മലബാർ സ്പെഷൽ പൊലീസ് രൂപീകരിച്ചിട്ട് 100 വർഷം തികയുന്നത് ഈ വർഷമാണ്. ഉത്തരകേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ സജീവമായ വിദ്യാർഥികളെ അടിച്ചൊതുക്കിയ മലബാർ സ്പെഷൽ പൊലീസിന്റെ കഥയാണ് കതിരൂർ വിദ്യാർഥി സമരത്തിനു പറയാനുള്ളത്.
കതിരൂരിൽ വിദ്യാർഥികളെ പൊലീസ് മൃഗീയമായി അടിച്ചൊതുക്കിയതോടെയാണ് മലബാറിലെ വിദ്യാർഥി സമരങ്ങൾക്ക് ഒത്തൊരുമയുണ്ടായത്. ഇതാണ് ക്വിറ്റിന്ത്യാ സമരം മലബാറിൽ ശക്തമാവാനുള്ള പ്രധാന കാരണം. കതിരൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ കറുത്ത ബാഡ്ജ് ധരിച്ച് അങ്ങാടിയിലൂടെ പ്രകടനം നടത്തി. സ്കൂൾ പരിസരത്തായിരുന്നു മലബാർ പൊലീസിന്റെ ക്യാംപ്. ഇതിന്റെ കവാടം കടന്നതോടെ സമരത്തിനൊപ്പം രണ്ടുവരിയായി പൊലീസുകാരും ചേർന്നു. പ്രകോപനപരമാവേണ്ടിയിരുന്ന സമരം ശാന്തമായി അങ്ങാടിയെ ചുറ്റി കടന്നുവരികയാണ്. മുതിർന്ന നാട്ടുകാർ ആശ്വാസംകൊണ്ടു.
കമ്യൂണിസ്റ്റ് പ്രവർത്തകർ സമരത്തെ പരിഹസിച്ചു. ബ്രിട്ടിഷ് അനുകൂലികൾ പ്രകടനത്തെ അവജ്ഞയോടെ നോക്കി. ജാഥ അവസാനിക്കാൻ ഏതാനും മീറ്റർ മാത്രമേയുള്ളു. എംഎസ്പി ക്യാംപിനു മുന്നിലെത്തിയപ്പോൾ സമരനേതാക്കളായ കുഞ്ഞിരാമനും തായാട്ട് ശങ്കരനും എംഎസ്പി ക്യാംപിലേക്ക് മുദ്രാവാക്യം വിളിച്ചു നടന്നുകയറി. പിന്നീട് കതിരൂർ സാക്ഷ്യം വഹിച്ചത് മൃഗീയമായ ലാത്തിച്ചാർജാണ്. പൊലീസ് മർദനത്തിന്റെ വാർത്ത കാട്ടുതീ പോലെ കേരളമെങ്ങും പടർന്നു.
പിൽക്കാലത്ത് എംഎൽഎയായ സി.എം.സുന്ദരം പാലക്കാട്ടും കെ.പി.മുഹമ്മ് കോഴിക്കോട്ടും മൊയ്തുമൗലവിയുടെ മകൻ എം.റഷീദ് പൊന്നാനിയിലും സമരങ്ങൾക്കു നേതൃത്വം നൽകിയതോടെ സംസ്ഥാനത്തൊട്ടാകെ വിദ്യാർഥി സമരങ്ങൾ അലയടിക്കുകയായിരുന്നു.സ്വാതന്ത്ര്യ സമരസേനാനി തായാട്ട് ബാലനെക്കുറിച്ച് മകൻ പ്രതാപൻ എഴുതുന്ന ‘അച്ഛൻ: അനുഭവം’ എന്ന പുസ്തകത്തിലാണ് കതിരൂർ വിദ്യാർഥി സമരത്തെക്കുറിച്ച് വിവരിക്കുന്നത്.