ബ്ലാക്ക് ഫംഗസ്; കോഴിക്കോട് ഒരു മരണം കൂടി
Mail This Article
കോഴിക്കോട് ∙ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം വണ്ടൂർ കുറ്റിയിൽ മുണ്ടാണിയിൽ വാലഞ്ചേരി അഹമ്മദ്‌കുട്ടിയാണ് (75) മരിച്ചത്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ മേയ് മുതൽ മെഡിക്കൽ കോളജിൽ മരിച്ചവരുടെ എണ്ണം പത്തായി. 55 പേരാണ് ഇക്കാലയളവിൽ ചികിത്സ തേടിയത്. കോവിഡ് ബാധിതനായി ഓഗസ്റ്റ് 25നാണ് അഹമ്മദ്കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സെപ്റ്റംബർ 16ന് നെഗറ്റീവായെങ്കിലും കണ്ണിനു വേദനയുള്ളതിനാൽ ആശുപത്രിയിൽ തുടർന്നു. 18ന് വീട്ടിലേക്കു മടങ്ങി. 20ന് സ്കാൻ റിപ്പോർട്ടുമായി മകൻ മഞ്ചേരി ആശുപത്രിയിൽ എത്തിയെങ്കിലും ഇഎൻടി ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഫംഗസ് രോഗബാധയെക്കുറിച്ചു സൂചന ലഭിച്ചതും അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതും. ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞിട്ടും ബ്ലാക്ക് ഫംഗസ് രോഗബാധിതനായതു കണ്ടുപിടിക്കാതിരുന്നതു അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: കുഞ്ഞിമുഹമ്മദ്, സൈനുദ്ദീൻ, അസ്കർ, ശിഹാബുദ്ദീൻ, റിയാസ്, ഖൈറുന്നിസ, ഹസീന, ആബിദ, ജസീല, സീനത്ത്. മരുമക്കൾ: ഹമീദ്, സാദിഖ്, ഹംസ, സലീം, സായിന, സുലൈഖ, സാജിദ, ഷമീന, ഫസ്ന ഷെറിൻ, റിൻഷ ഷെറിൻ.