സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
Mail This Article
കോഴിക്കോട്∙ സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 32 ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി സഹോദരനാണ്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി കണ്ണൂർ ജില്ലയിലെ മാതമംഗലത്തിനടുത്ത് കൈതപ്രം ഗ്രാമത്തിലാണു ജനനം. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് ശ്രുതിലയ എന്ന പേരിൽ പയ്യന്നൂരിൽ സംഗീത വിദ്യാലയം തുടങ്ങി. ഏറെക്കാലമായി കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ 9ന് തിരുവണ്ണൂർ കോവിലകം ശ്മശാനത്തിൽ.
ജയരാജ് സംവിധാനം ചെയ്ത ‘ദേശാടന’ത്തിൽ സംഗീത സംവിധാന സഹായിയായി സിനിമയിലെത്തിയ വിശ്വനാഥൻ ജയരാജിന്റെ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായത്. തിളക്കം, ഏകാന്തം, ദൈവനാമത്തിൽ, മധ്യവേനൽ, കൗസ്തുഭം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. കരിനീലക്കണ്ണഴകീ (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. കൗസ്തുഭം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ഭാര്യ: ഗൗരി അന്തർജനം (കാഞ്ഞങ്ങാട് ആലമ്പാടി). മക്കൾ: അദിതി, നർമദ, കേശവ്. മറ്റു സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി (എറണാകുളം), തങ്കം (നീലേശ്വരം–പള്ളിക്കര കാരക്കാട്), പരേതയായ സരസ്വതി.