ADVERTISEMENT

കോഴിക്കോട് ∙ നവജാത ശിശുവിന് ആദ്യ ദിനങ്ങളിലുണ്ടാകുന്ന സങ്കീർണതകൾ യഥാസമയം പരിഹരിക്കാൻ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ‘നിയോ ക്രാഡിൽ’ പദ്ധതി മന്ത്രി വീണാ ജോർജ് ഗവ. മെഡിക്കൽ കോളജിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നവജാത ശിശു പരിചരണ രംഗത്ത് പ്രധാന ചുവടുവയ്പാണ് ഇതെന്നും പദ്ധതി മറ്റ് ജില്ലകൾക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. നവജാത ശിശുക്കളിൽ ശരീരോഷ്മാവ്, രക്തത്തിലെ പഞ്ചസാര, ഓക്സിജൻ എന്നിവ കുറയുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകാൻ അത്യാധുനിക സംവിധാനമുള്ള ആബുലൻസിൽ പരിചരണം നൽകി വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്യും. നവജാത ശിശു മരണ നിരക്ക് കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.   ഗവ. മെഡിക്കൽ കോളജിനെ മാതൃകാ മെഡിക്കൽ കോളജാക്കി മാറ്റാൻ ശ്രമിക്കും. കിനാലൂരിൽ എയിംസ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവുമായി ചേർന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷനൽ നിയോനേറ്റൽ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എംപി, മേയർ ബീന ഫിലിപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പ്രിൻസിപ്പൽ ഡോ. വി.ആർ.രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ഡിഎച്ച്എസ് ഡോ. വി.ആർ.രാജു, കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.ഉമ്മർ ഫാറൂഖ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. സി.ശ്രീകുമാർ, ഐഎപി നാഷനൽ പ്രസിഡന്റ് ഡോ. രമേശ് കുമാർ, എയിംസ് പീടിയാട്രിക്സ് എച്ച്ഒഡി ഡോ. അശോക് കുമാർ ഡിയോരാരി, എൻഎൻഎഫ് ഹോണററി സെക്രട്ടറി  ഡോ. ദിനേശ് ടോമാർ, യൂണിസെഫ് കൺസൽട്ടന്റ് ഡോ. കെ.ഇ.എലിസബത്ത് തുടങ്ങിയവർ പ്രസംഗിച്ചു.പദ്ധതിയുടെ വെബ്‌സൈറ്റ് തയാറാക്കിയ നാഷനൽ ഇൻഫർമേറ്റിക്‌സ് സെന്ററിന് ഉപഹാരം സമ്മാനിച്ചു. മുലപ്പാൽ ബാങ്കിന്റെ സപ്പോർട്ട് ഗ്രൂപ്പിന്റെ നാമകരണം  'ലൗ ഡ്രോപ്‌സ് ഫോർ ന്യൂ ലൈഫ്' നിർവഹിച്ച ഡോ. അനഘ വിജയനെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com