രണ്ട് കുടുംബങ്ങൾക്ക് സ്നേഹവീട് ഒരുക്കി സി ടാസ്ക് കൂട്ടായ്മ
Mail This Article
തിരുവമ്പാടി∙ ആനക്കാംപൊയിൽ സി ടാസ്ക് കൂട്ടായ്മ രണ്ട് കുടുംബങ്ങൾക്ക് സ്നേഹവീടൊരുക്കി മാതൃകയായി. 2019ലെ പ്രളയകാലത്താണ് ആനക്കാംപൊയിൽ ഗ്രാമവാസി കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് ഇത് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ആനക്കാംപൊയിൽ സൗഹൃദ കൂട്ടായ്മ ആയി റജിസ്റ്റർ ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. ചികിത്സാസൗകര്യം ഇല്ലാതിരുന്ന ആനക്കാംപൊയിലിൽ ആംബുലൻസ് സൗകര്യം ഒരുക്കിയാണ് ആദ്യ പ്രവർത്തനം നടത്തിയത്.
തുടർന്നാണ് നിർധനരായ കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കാൻ തീരുമാനിച്ചത്. പ്രദേശവാസിയായ മടിക്കാങ്കൽ കേണൽ ജോസഫും ഭാര്യ ഗ്രെയ്സും 1.25 ഏക്കർ സ്ഥലം വീടൊരുക്കാൻ ട്രസ്റ്റിനു വിട്ടു കൊടുത്തു. ജോയ്സ് ജോസഫ് മെമ്മോറിയൽ റസിഡൻഷ്യൽ ആൻഡ് വെൽഫെയർ സെന്റർ ആയി രൂപപ്പെടുത്തിയ ഇവിടെയാണ് വീടൊരുക്കിയത്. ആദ്യഘട്ടമായി സി ടാസ്ക് ജനകീയ പിന്തുണയോടെ 22 ലക്ഷം രൂപ ചെലവിട്ട് 2 വീടുകളാണു നിർമിച്ചത്.
വീടിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതു പോലും ജനകീയ പ്രക്രിയയിലൂടെയായിരുന്നു. സോഷ്യൽ മീഡിയ വഴി അപേക്ഷ ക്ഷണിക്കുകയും സർവേയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ വേർതിരിക്കുകയും ഇതിൽ നിന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള കമ്മിറ്റി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയുമായിരുന്നു.ലിന്റോ ജോസഫ് എംഎൽഎ വീടുകളുടെ താക്കോൽ കൈമാറി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ മഞ്ചു ഷിബിൻ, കെ.എം.ബേബി, രാജു അമ്പലത്തുങ്കൽ, സി ടാസ്ക് പ്രസിഡന്റ് എം.പി.അസ്കർ, കൺവീനർ പ്രസാദ് ഇലഞ്ഞിക്കൽ, രക്ഷാധികാരി സജി ഏബ്രഹാം, ട്രഷറർ രഞ്ജിത് ചാമപറമ്പിൽ എന്നിവർ പ്രസംഗിച്ചു.