ADVERTISEMENT

കോഴിക്കോട്∙ ജീവിതത്തിലൊരിക്കലെങ്കിലും  കാണാനാഗ്രഹിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വനിതകളുടെ യാത്ര..സ്വപ്നങ്ങളിലേക്ക് ഡബിൾ ബെല്ലടിച്ച് കെഎസ്ആർടിസി. വനിതാദിനത്തോടനുബന്ധിച്ച് വനിതകൾക്കു മാത്രമായി കെഎസ്ആർടിസി ഒരുക്കുന്ന വുമൺ ട്രാവൽ വീക്കിന് ഇന്നലെ തുടക്കം കുറിച്ചു. കെഎസ്ആർടിസിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം ബജറ്റ് വനിതാ ട്രാവൽ സർവീസുകൾ നടത്തുന്നത് താമരശ്ശേരി ഡിപ്പോയാണ്. ഇന്നലെ പുലർച്ചെ നാലിന് നെല്ലിയാമ്പതിയിലേക്ക് രണ്ട് ബസുകളും വണ്ടർ ലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് ഒരു ബസുമാണ് യാത്ര ആരംഭിച്ചത്.

പെണ്ണകം വനിതാകൂട്ടായ്മയുടെ നേതൃത്വത്തിൽ 6.30 ന് വയനാട്ടിലേക്കും യാത്ര പുറപ്പെട്ടു. തുഷാരഗിരി-വനപർവം -പൂക്കോട്, നെല്ലിയാമ്പതി, മൂന്നാർ സർവീസുകൾക്കും ഗവി–വാഗമൺ സർവീസിനും പുറമേ വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക്, എടയ്ക്കൽ, കൊടൈക്കനാൽ, മൈസുരു എന്നിവിടങ്ങളിലേക്കാണ് സ്ത്രീകൾക്ക് മാത്രമായി യാത്രകൾ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാവാം. വനിതാദിന സർവീസുകളിൽ ഡ്രൈവറായും ടൂർ കോഓർഡിനേറ്റർമാരായും വനിതകളെ ഉൾപ്പെടുത്താനാണ് ഡിപ്പോ അധികൃതർ ലക്ഷ്യമിടുന്നത്.

മാർച്ച് 13 വരെയാണ് യാത്രകൾ നടക്കുക. വിനോദയാത്ര പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫിസർ പി.ഇ രഞ്ജിത്, ബജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്റർ കെ.ബിന്ദു, ജനറൽ കൺട്രോളിങ് ഇൻസ്ട്രക്റ്റർ കെ.ബൈജു, സ്‌പെഷൽ അസിസ്റ്റന്റ് കെ.റാണി, പെണ്ണകം വനിതാകൂട്ടായ്മ പ്രസിഡന്റ് ഗിരിജാ പാർവതി തുടങ്ങിയവർ പങ്കെടുത്തു.ഫോൺ: 7902640704, 9846100728.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com