‘സിബിഐ’യുടെ കൺമുന്നിൽ 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ കടന്നു, അന്വേഷണത്തിന് കേരള പൊലീസ് !
Mail This Article
സിബിഐ 5 പ്രദർശിപ്പിക്കുന്ന തീയറ്ററിൽ നിന്നു 2.8 ലക്ഷം കവർന്നു
കോഴിക്കോട് ∙ ‘സിബിഐ’യുടെ കൺമുന്നിൽ 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ കടന്നു, അന്വേഷണത്തിന് കേരള പൊലീസ് !. ‘സിബിഐ 5’ സിനിമ പ്രദർശിപ്പിക്കുന്ന മാവൂർ റോഡിലെ കൈരളി–ശ്രീ തിയറ്റർ കോംപ്ലക്സിലെ ഭക്ഷണ കൗണ്ടറുകളിൽ നിന്നാണ് ഇന്നലെ പുലർച്ചെ മൂന്നരയ്ക്കു ശേഷം മോഷണം നടന്നത്. കൈരളി തിയറ്ററിന്റെ ഫസ്റ്റ് ക്ലാസ് പ്രവേശന കവാടത്തോടു ചേർന്നുള്ള ഭക്ഷണ കൗണ്ടറിൽനിന്നാണ് ഏറ്റവുമധികം തുക മോഷണം പോയത്. കൈരളി തിയറ്ററിന്റെ ബാൽക്കണി, ശ്രീ തിയറ്ററിന്റെ പ്രവേശനകവാടം എന്നിവയുടെ സമീപത്തുള്ള രണ്ടാമത്തെ കൗണ്ടറിൽ നിന്ന് അയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടു. രണ്ടു ദിവസത്തെ വരുമാനവും ബാങ്ക് ഡ്രാഫ്റ്റ് എടുക്കാൻ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്.
തമിഴ്നാട് സ്വദേശി മുരുകനാണ് ഭക്ഷണ കൗണ്ടറുകളുടെ നടത്തിപ്പ് കരാറുകാരൻ.ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12ന് പ്രത്യേക മിഡ്നൈറ്റ് ഷോ നടക്കാറുണ്ട്. ആ പ്രദർശനം അവസാനിച്ചത് പുലർച്ചെ രണ്ടേമുക്കാലിനാണ്. ഇതിനുശേഷം ജീവനക്കാർ ഉറങ്ങാൻ പോയ സമയത്താണ് മോഷണം നടന്നത്. കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണത്തിന് ആകെ നാലു മിനിറ്റ് സമയമാണ് എടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലയിൽ തോർത്തിട്ടു മൂടി മാസ്ക് അണിഞ്ഞ് 3.44ന് തിയറ്ററിൽ എത്തിയ മോഷ്ടാവ് പണമെടുത്ത് 3.47ന് പുറത്തിറങ്ങി. ക്യാമറയിലെ ദൃശ്യങ്ങളിൽ മോഷണം വ്യക്തമാണെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.