ADVERTISEMENT

കൊയിലാണ്ടി∙ ഒരു വർഷത്തിലധികമായി സൂപ്രണ്ട് ഇല്ല. ഗൈനക്കോളജി വിഭാഗത്തിലെ ജൂനിയർ കൺസൽറ്റന്റ് ഡോക്ടർ താൽക്കാലിക ചുമതലയിൽ. നേത്ര വിഭാഗം ഡോക്ടർ സർജറി കഴിഞ്ഞ് ദീർഘകാല മെഡിക്കൽ അവധിയിൽ. ഒപിയിലെ പരിശോധനാമുറി അടച്ചിട്ട നിലയിൽ. തൊട്ടടുത്ത മുറിയിൽ നിന്ന് കിട്ടുന്ന സേവനം കാഴ്ച പരിശോധന മാത്രം. സർജറി വിഭാഗത്തിലെയും സ്ഥിതി ഇങ്ങനെ തന്നെ. അസുഖബാധിതനായ ഡോക്ടർ അവധിയിൽ പോയിട്ടും ബദൽ സംവിധാനമുണ്ടായില്ല. നിത്യേന 1700 നും 2000ത്തിനും മുകളിൽ ഒപി യുള്ള ജില്ല ആശുപത്രി പദവിയിലേക്ക് ഉയർത്തപ്പെടുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ അവസ്ഥയാണിത്.

 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ അടഞ്ഞുകിടക്കുന്ന നേത്രരോഗ വിഭാഗം ഒപി.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ അടഞ്ഞുകിടക്കുന്ന നേത്രരോഗ വിഭാഗം ഒപി.

 ഗൈനക്കോളജി, ദന്തരോഗ വിഭാഗം ഒഴികെ സ്പെഷ്യൽറ്റി ക്ലിനിക് ഇല്ലാത്ത അവസ്ഥ. ആശുപത്രിയിൽ അഞ്ചോളം ഡോക്ടർമാരാണ് അസുഖ ബാധിതരായി അവധിയിൽ പോയത്. ലക്ഷ്യ സ്റ്റാൻഡേർഡുള്ള ലേബർ റൂം കോംപ്ലക്സ് കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തെങ്കിലും മതിയായ ഡോക്ടർമാരില്ലാത്തതിനാൽ ലക്ഷ്യയുടെ ലക്ഷ്യവും എങ്ങുമെത്തിയില്ല. പകലും രാത്രിയും ഗൈനക്കോളജി വിഭാഗം സേവനം ലഭിക്കണമെങ്കിൽ 5 ഡോക്ടർമാർ വേണ്ടതുണ്ട്. നിലവിൽ രണ്ടു ഡോക്ടർമാരാണ് ഈ വിഭാഗത്തിലുള്ളത്. അതിൽ ഒരു ഡോക്ടർക്ക് സൂപ്രണ്ടിന്റെ ചുമതല കൂടി കൊടുത്തതോടെ ആ വിഭാഗത്തിലെ സേവനവും നാമമാത്രമായി. ഓർത്തോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. തിങ്കൾ ബുധൻ ദിവസങ്ങളിൽ ഓപ്പറേഷൻ ഉള്ളതിനാൽ ആ ദിവസങ്ങളിൽ ഒ.പിയിൽ ഓർത്തോ ഡോക്ടർമാരുടെ സേവനം ലഭിക്കില്ല. 

ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഡോക്ടർമാരുടെ ഡ്യുട്ടി അനുസരിച്ചാണ് ഓർത്തോ ഒപി ഉണ്ടാവുക. ഓർത്തോ വിഭാഗത്തിലുള്ള രണ്ടു ഡോക്ടർമാരിൽ ആർക്കെങ്കിലും ഒരാൾക്ക് നെറ്റ് ഡ്യൂട്ടിയാണെങ്കിൽ പിറ്റേദിവസം രാവിലെ അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ നിലവിൽ ആശുപത്രിയിൽ ഡോക്ടർമാർ കുറവായതിനാൽ മറ്റേയാൾ ജനറൽ ഒപി യിൽ ഇരിക്കേണ്ടിവരും. ഈ സാഹചര്യത്തിലും ഓർത്തോ വിഭാഗം പ്രത്യേകം ഇല്ലാത്ത അവസ്ഥ. ദിവസം നൂറ് പേർക്കാണ് ഓർത്തോ വിഭാഗത്തിൽ ടോക്കൺ നൽകുന്നത്. ഇനി ജീവനക്കാരുടെ സ്ഥിതി എടുത്തു നോക്കുകയാണെങ്കിൽ അതിലും പരിതാപകരം. 

ലാബ്, ഫാർമസി വിഭാഗങ്ങളിൽ മതിയായ ജീവനക്കാരില്ലാത്തതു കാരണം രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. 

ഈ വിഭാഗങ്ങളിലുള്ള ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. പകർച്ചപ്പനി വ്യാപിക്കുന്നതിനെ തുടർന്ന് ധാരാളം പേർ ആശുപത്രിയിലെത്തുന്നുണ്ട്. പനിക്കാലത്തെ നേരിടാനുള്ള സംവിധാനങ്ങളൊന്നും താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടില്ല. ഒപിയോടനുബന്ധിച്ച്  ഫീവർ ക്ലിനിക്ക് തുടങ്ങിയാൽ പകർച്ച പനി ബാധിതരും മറ്റു  ചികിത്സ തേടി എത്തുന്നവരും ഒന്നിച്ച്  ഒരിടത്ത് കൂടി നിൽക്കുന്ന നിലവിലെ സ്ഥിതി ഒഴിവാക്കാനാകും. ദേശീയപാതയോരമായതിനാൽ വാഹന അപകടങ്ങൾ വരുമ്പോൾ മതിയായ ചികിത്സ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പലപ്പോഴും  ഇങ്ങനെ എത്തുന്നവരെ മെഡിക്കൽ കോളജിലേക്ക് വിടേണ്ട അവസ്ഥയാണ് ആശുപത്രിയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com