മുന്നറിയിപ്പ് വെറുതേ; വീണ്ടും ലോറി കുരുങ്ങി
Mail This Article
ഫറോക്ക് ∙ പഴയ പാലത്തിന്റെ ഇരുമ്പ് കമാനത്തിൽ വീണ്ടും ലോറി കുടുങ്ങി. നഗരത്തിൽ നിന്നു ഫറോക്ക് ഭാഗത്തേക്കു പാൽ ഉൽപന്നങ്ങളുമായി എത്തിയ ലോറിയാണ് വ്യാഴം പുലർച്ചെ 4.30നു ഇരുമ്പ് ചട്ടക്കൂടുള്ള പാലത്തിൽ കുടുങ്ങിയത്. ചെറുവണ്ണൂർ കരയിൽ നിന്നു പാലത്തിലേക്ക് പ്രവേശിച്ച ലോറി ഫറോക്ക് കര വരെ എത്തിയെങ്കിലും പിന്നീട് മുൻപോട്ടു നീങ്ങാനാകാതെ കുടുങ്ങി. ഇതേ തുടർന്നു ഏറെ നേരം പഴയ പാലത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് പൊലീസും ഡ്രൈവർമാരും ഇടപെട്ടു പിറകോട്ട് എടുത്താണ് രക്ഷപ്പെടുത്തിയത്. പാലം ഉദ്ഘാടനം ചെയ്തയുടൻ ടൂറിസ്റ്റ് ബസിടിച്ചു പാലത്തിലെ ബ്ലിങ്കറിങ് സിഗ്‌നൽ ലൈറ്റ് തകർന്നിരുന്നു. ബസിന്റെ മുകൾ ഭാഗത്തു ഘടിപ്പിച്ച എസി ഫാനുകൾ ഉൾപ്പെടെ നശിക്കുകയും ഉണ്ടായി. ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള ഉയരം കൂടിയ ചരക്കു വാഹനങ്ങൾ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ പാലത്തിന്റെ ഇരു കവാടത്തിലും സുരക്ഷാ കമാനം സ്ഥാപിച്ചിട്ടുണ്ട്. 3.6 മീറ്റർ ഉയരം ക്രമപ്പെടുത്തിയാണ് കമാനം ഘടിപ്പിച്ചത്. പാലം എത്തുന്നതിനു മുൻപ് മുന്നറിയിപ്പ് ബോർഡുകളും സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ രാത്രി എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.