മുകളിലെ നിലയിലെ ജനൽ ഇളകി വീണു; കെട്ടിടത്തിനുള്ളിലേക്ക് പതിച്ചതിനാൽ വൻ അപകടം ഒഴിവായി
Mail This Article
വില്യാപ്പള്ളി ∙ നേരത്തെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലെ നിലയിലെ ജനൽ ഇളകി വീണു. ജനൽ കെട്ടിടത്തിന് ഉള്ളിലേക്ക് പതിച്ചതിനാൽ വൻ അപകടം ഒഴിവായി. താഴെ മത്സ്യക്കച്ചവടവും ഓട്ടോറിക്ഷ സ്റ്റാൻഡും ഉണ്ട്. ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള എളുപ്പ വഴിയായതിനാൽ ആളുകൾ എപ്പോഴും ഉണ്ടാവുന്ന സ്ഥലമാണ്. 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി.
കഴിഞ്ഞ വർഷം കോൺക്രീറ്റ് പാളി അടർന്നു വീണ് 2 പേർക്ക് സാരമായി പരുക്കേറ്റിരുന്നു. ചിലർ സ്റ്റേ വാങ്ങിയതിനാൽ കെട്ടിടം പൊളിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വാർഡ് മെംബർ വി.മുരളി പറഞ്ഞു. വിവരം അറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ കെട്ടിടം ഉടൻ പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ എ.എം.അശോകൻ കലക്ടർക്ക് പരാതി നൽകി.