ADVERTISEMENT

കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ നീന്തൽക്കുളം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലവും മുടക്കിയ പണവും വാങ്ങിയ സാധനങ്ങളും പാഴായെന്ന പരാതിയെ കുറിച്ച് നേരിട്ട് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ തീരുമാനിച്ചു. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ടോമിൻ ജെ. തച്ചങ്കരി മേധാവിയായുള്ള കമ്മിഷന്റെ അന്വേഷണ വിഭാഗമാണ് അന്വേഷിക്കുക. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കലക്ടർ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

1.55 ഏക്കർ സ്ഥലമാണ് നീന്തൽക്കുളം നിർമിക്കാൻ സ്പോർട്സ് കൗൺസിലിന് പാട്ടത്തിന് അനുവദിച്ചത്.  1999 മുതൽ 2019 വരെ പാട്ട കുടിശികയായ 6,93,27,650 രൂപ ഈടാക്കാൻ 2019 ഫെബ്രുവരി 11 ന് നോട്ടിസ് നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നു സ്റ്റേ ലഭിച്ചതിനാൽ നിർത്തിവച്ചു.  സ്ഥലം പോർട്ട് ഏറ്റെടുത്ത് വലിയൊരു ഭാഗം ബീച്ച് സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ചു. എന്നാൽ 2018 മാർച്ച് 30 വരെ പാട്ടക്കരാർ തുക സ്പോർട്സ് കൗൺസിൽ അടച്ചു.  പാട്ടത്തിന് നൽകിയത് സർക്കാർ ഉത്തരവ് പ്രകാരമാണ്.  പാട്ടം റദ്ദാക്കണമെങ്കിലും സർക്കാർ ഉത്തരവ് ആവശ്യമാണോയെന്ന് പരിശോധിക്കാൻ റവന്യു വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. 

എന്നാൽ നീന്തൽക്കുളം നിർമാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചതു കാരണമാണ് പ്രവൃത്തി നിർത്തിവച്ചതെന്ന് തുറമുഖ വകുപ്പ് ഓഫിസർ കമ്മിഷനെ അറിയിച്ചു. പാട്ട കാലാവധി അവസാനിച്ചതു കാരണം സ്ഥലം തുറമുഖ വകുപ്പിന് തിരികെ ലഭിക്കേണ്ടതാണെന്നും പോർട്ട് ഓഫിസർ പറഞ്ഞു. എന്നാൽ കായിക പ്രേമികൾക്കും നീന്തൽ താരങ്ങൾക്കും പ്രയോജനപ്രദമായ ഒരു പദ്ധതിയാണ് സർക്കാർ വകുപ്പുകളുടെ പരസ്പര മത്സരം കാരണം നഷ്ടമായതെന്ന് പരാതിക്കാരനായ എ.സി ഫ്രാൻസിസ് കമ്മിഷനെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com