ADVERTISEMENT

ഫറോക്ക് ∙ പഴയ പാലത്തിന്റെ ഇരുമ്പ് കമാനത്തിൽ ചരക്കുലോറി കുടുങ്ങി 3 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഗുജറാത്തിലെ വഡോദരയിൽ നിന്നു രാസ കീടനാശിനിയുമായി എത്തിയ ലോറിയാണു പുലർച്ചെ 4നു ഇരുമ്പ് ചട്ടക്കൂടുള്ള പാലത്തിൽ കുടുങ്ങിയത്. ചെറുവണ്ണൂർ കരയിൽ നിന്നു പാലത്തിലേക്കു പ്രവേശിച്ച ലോറിയുടെ മുകൾ ഭാഗത്തെ പെട്ടികൾ കമാനത്തിൽ ഇടിച്ചു പൊട്ടി കീടനാശിനി പാക്കറ്റുകൾ പാലത്തിൽ ചിതറി.

മുൻപോട്ടു നീങ്ങാനാകാതെ ലോറി വഴിയിൽ കുടുങ്ങിയതു ഗതാഗതം സ്തംഭിപ്പിച്ചു. പൊലീസ് എത്തി വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. പിന്നീട് രാവിലെ 7നു ക്രെയിൻ എത്തിച്ചു ലോറിയിലെ ചരക്ക് നീക്കിയാണ് വാഹനം പിന്നോട്ട് മാറ്റിയത്. ലോറിയിൽ നിന്നു വീണ കീടനാശിനി പരന്നു പാലത്തിന്റെ പരിസരത്ത് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് 27നു പാലം ഉദ്ഘാടനം ചെയ്തയുടൻ ടൂറിസ്റ്റ് ബസ് പാലത്തിൽ ഇടിച്ചിരുന്നു. 

പിന്നീട് പലവട്ടം വാഹനങ്ങൾ ഇടിക്കുകയും ചെയ്തു. 3.6 മീറ്റർ ഉയരം ക്രമപ്പെടുത്തി സ്ഥാപിച്ച ചെറുവണ്ണൂർ കരയിലെ കമാനം കഴിഞ്ഞ 15നു കണ്ടെയ്നർ ലോറിയിടിച്ചു തകർന്നു. ഇത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള ഉയരം കൂടിയ ചരക്കു വാഹനങ്ങൾക്കു പ്രവേശനം വിലക്കി പാലം എത്തുന്നതിനു മുൻപ് മുന്നറിയിപ്പ് ബോർഡുകളും സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ രാത്രി എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.

ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾ തുടർക്കഥ നടപടിയുമായി പിഡബ്ല്യുഡി

ഫറോക്ക് ∙ പഴയ പാലത്തിൽ തുടർക്കഥയായ അപകടങ്ങൾ ഒഴിവാക്കാൻ നടപടിയുമായി മരാമത്ത് വകുപ്പ്. ആവശ്യമായ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ബ്ലിങ്കറിങ് സിഗ്‌നൽ ലൈറ്റ് പുനഃസ്ഥാപിച്ചും അപകടങ്ങൾ ഇല്ലാതാക്കാനാണു ശ്രമം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം മരാമത്ത് ബ്രിജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബി.അജിത്ത് കുമാർ, ഫറോക്ക് അസി.കമ്മിഷണർ എ.എം. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പാലം പരിസരം പരിശോധിച്ചാണ് ചെറുവണ്ണൂർ കരയിലെ സുരക്ഷാ സംവിധാനങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്.

3.6 മീറ്ററിൽ അധികം ഉയരമുള്ള വാഹനങ്ങൾ നിരോധിച്ചതു സൂചിപ്പിച്ചു പാലം എത്തുന്നതിനു മുൻപും ചെറുവണ്ണൂർ ജംക്‌ഷൻ പരിസരത്തും ബോർഡുകൾ സ്ഥാപിക്കും. കൂടാതെ കണ്ടെയ്നർ, ടാങ്കർ ട്രക്കുകൾ എന്നിവയ്ക്കു വിലക്ക് ഏർപ്പെടുത്തി ഇവയുടെ ചിത്രം സഹിതമുള്ള ബോർഡുകൾ ഒരുക്കും. നിലവിൽ മല്ലിക തിയറ്ററിനു സമീപത്തുള്ള ബ്ലിങ്കറിങ് സിഗ്‌നൽ ലൈറ്റ് അൽപം മുൻപോട്ട് മാറ്റാനും ധാരണയുണ്ട്. ഒപ്പം കമാനത്തിനു സമീപം ചെറിയ തരം വേഗത്തട (തെർമോ പ്ലാസ്റ്റിക് റംപിൾ സ്ട്രിപ്)ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പുതിയ ബോർഡുകൾ 2 ദിവസത്തിനുള്ളിൽ സ്ഥാപിക്കാനാണു ശ്രമിക്കുന്നത്.

പാലത്തിനു സമീപം പുതിയ കമാനം സ്ഥാപിച്ചപ്പോൾ തന്നെ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ അന്നു മരാമത്ത് ബ്രിജസ് വിഭാഗം ഇക്കാര്യം ഗൗനിച്ചില്ല. കണ്ടെയ്നർ ലോറിയിടിച്ചു കമാനം തകർന്നപ്പോൾ ഇക്കാര്യം പൊലീസ് ആവർത്തിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെ പുലർച്ചെ വീണ്ടും പാലത്തിൽ ലോറിയിടിച്ചു അപകടം ഉണ്ടായപ്പോഴാണു വിഷയത്തിൽ മന്ത്രി ഇടപെട്ടു അടിയന്തര നടപടിക്കു നിർദേശം നൽകിയത്. അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.ഷിനി, ഓവർസീയർ എം.ഗീത, ഫറോക്ക് ഇൻസ്പെക്ടർ എം.പി.സന്ദീപ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com