മാലിന്യം അടിഞ്ഞുകൂടി, മത്സ്യങ്ങൾ ചത്തുപൊങ്ങി; പുലിമുട്ടിൽ ജീവിതം വഴിമുട്ടി
Mail This Article
പയ്യോളി ∙ കൊളാവിപ്പാലം, കോട്ടക്കടപ്പുറം, കോട്ടക്കൽ നിവാസികളെ വലച്ചു വടകര സാൻഡ് ബാങ്കിനു സമീപത്തെ പുലിമുട്ട്. കോട്ടക്കടപ്പുറം അഴിമുഖത്തിനു സമീപം 10 വർഷം മുൻപാണു പുലിമുട്ടു നിർമിച്ചത്. അശാസ്ത്രീയമായാണ് ഇതു നിർമിച്ചതെന്നു നേരത്തേ തന്നെ പരിസരവാസികളും പരിസ്ഥിതി പ്രവർത്തകരും പരാതിപ്പെട്ടിരുന്നു.
ഈ ഒറ്റ പുലിമുട്ട് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നെന്നാണു പരാതി. തിരമാലകൾ പുലിമുട്ടിൽ തട്ടി മണൽ കരയിലേക്ക് എത്തുന്നതു നിർമാണത്തിനു പിന്നാലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുറ്റ്യാടി പുഴയുടെ ഭാഗമായ കോട്ടപ്പുഴ കടലിൽ ചേരുന്ന ഭാഗത്തു വൻ തോതിൽ മണൽത്തിട്ട രൂപം കൊണ്ട് പുഴ അടഞ്ഞു പോയി. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് ഇല്ലാതാകുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്.
ഒഴുക്ക് നിലച്ചതോടെ മാലിന്യം അടിഞ്ഞുകൂടി. മത്സ്യങ്ങൾ ചത്തുപൊങ്ങി. കെട്ടി നിൽക്കുന്ന വെള്ളത്തിൽ മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്നു. സമീപത്തെ കിണറുകളിലെ ജലം മലിനമായി. പുഴ അടഞ്ഞു പോയതോടെ, മുൻപ് ഇവിടെ മത്സ്യബന്ധനം നടത്തി വന്നവർക്ക് ഇപ്പോൾ അതിന് കഴിയുന്നില്ല. കടലിലേക്കു വള്ളങ്ങൾ ഇറക്കാനോ കയറ്റാനോ കഴിയാത്തതിനാൽ അവർ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
കടലാക്രമണം രൂക്ഷമായതോടെ, കൊളാവിപ്പാലം കോട്ടക്കടപ്പുറം തീരത്ത് കോടികൾ ചെലവഴിച്ചു നിർമിച്ച കടൽഭിത്തികളുടെ കല്ലുകൾ മണലിൽ താഴ്ന്ന് കടലിന്റെ അടിയിലേക്ക് എത്തുന്നു. ഇതു കടലാക്രമണത്തിന് വീണ്ടും കാരണമാകുന്നു. ഒറ്റ പുലിമുട്ടാണ് ഇതിനു കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഇതിനു ശാശ്വത പരിഹാരമായി നിലവിലുള്ള പുലിമുട്ടിനു സമാന്തരമായി അത്ര തന്നെ നീളത്തിൽ കോട്ടപ്പുഴ അഴിമുഖത്തിനു സമീപം മറ്റൊരു പുലിമുട്ടു കൂടി നിർമിക്കുക എന്നതാണ്.