മെഡിക്കൽ കോളജിൽ മൂർഖനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തു; വാവ സുരേഷിനെതിരെ കേസ്
Mail This Article
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിനു വാവ സുരേഷിനെതിരെ വനംവകുപ്പു കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 2, 9 എന്നിവ പ്രകാരമാണു താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. ഹാജരാകാൻ വാവ സുരേഷിനു നോട്ടിസ് നൽകും.നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണു വിഷപ്പാമ്പിനെ പ്രദർശിപ്പിച്ചു ക്ലാസെടുത്തത്.
നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിനാണു കേസെന്നു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമാണു നടപടി. അന്വേഷണത്തിന്റെ ഭാഗമായി ചിത്രങ്ങളും വിഡിയോയും വനം വകുപ്പു ശേഖരിച്ചിട്ടുണ്ട്. വാവ സുരേഷിന്റെ മൊഴി കൂടി പരിശോധിച്ചു തുടർനടപടിയെടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
പരിപാടിയുടെ സംഘാടകർക്കെതിരെ തൽക്കാലം കേസെടുക്കില്ല. സംരക്ഷിത ഇനത്തിൽ പെട്ട പാമ്പുകളെ പ്രദർശിപ്പിക്കരുതെന്നു വാവ സുരേഷിനോടു പറഞ്ഞിരുന്നതായാണു സംഘാടകർ വനംവകുപ്പിനെ അറിയിച്ചിരിക്കുന്നത്.നിയമവിധേയമായി വളർത്തുന്ന പാമ്പുകൾ ശേഖരത്തിലുണ്ടെങ്കിൽ കൊണ്ടു വരാനാണത്രെ നിർദേശിച്ചിരുന്നത്. മൈക്ക് വയ്ക്കുന്ന പോഡിയത്തിന്മേലാണു വാവ സുരേഷ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വച്ചത്.
പാമ്പുകടിയുടെ വിവിധ വശങ്ങളെക്കുറിച്ചു നഴ്സുമാരെ ബോധവൽക്കരിക്കുകയും ചെയ്തു. വാവയുടെ നടപടിക്കെതിരെ വൻ വിമർശനമാണു സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പാമ്പുകടിയേറ്റ് അതീവ ഗുരുതര നിലയിൽ നിന്നു രക്ഷപ്പെട്ടു വന്ന ശേഷം, അശാസ്ത്രീയ മാർഗങ്ങളിലൂടെ പാമ്പിനെ പിടിക്കുകയില്ലെന്നും പ്രദർശിപ്പിക്കുകയില്ലെന്നും വാവ സുരേഷ് ഉറപ്പു നൽകിയിരുന്നുവെന്നു വനംവകുപ്പുകാർ പറയുന്നു.