ത്രീ സ്റ്റാർ മെസ്സി കോഴിക്കോട്ടും
Mail This Article
കോഴിക്കോട്∙ മൂന്നാം തവണയും ലോകകപ്പടിച്ചതോടെ അർജന്റീനയുടെ ജഴ്സിയിൽ നക്ഷത്രങ്ങൾ മൂന്നായതിനു പിന്നാലെ ജഴ്സി വിപണിയിലും ത്രീ സ്റ്റാർ തരംഗം. മൂന്നു നക്ഷത്രമുള്ള അഡിഡാസ് ജഴ്സിയിട്ടാണ് മെസ്സിയും കൂട്ടരും ഞായറാഴ്ച രാത്രി ഖത്തറിൽ കപ്പുയർത്തിയത്.
കടുത്ത അർജന്റീനിയൻ ആരാധകർ അപ്പോൾ തന്നെ ത്രീസ്റ്റാർ നീല - വെള്ള വരക്കുപ്പായത്തിനു വേണ്ടി തിരച്ചിൽ തുടങ്ങിയിരുന്നു. ഇരുട്ടി വെളുത്തപ്പോഴേക്കും കോഴിക്കോട്ടെ വിപണിയിലെത്തിയിരിക്കുകയാണ് അർജന്റീനയുടെ ത്രീ സ്റ്റാർ ജഴ്സി. ഖത്തർ ലോകകപ്പിന്റെ മുദ്രയും മൂന്നു നക്ഷത്രവുമുള്ള ജഴ്സിക്കായി രാവിലെ തൊട്ടേ ആവശ്യക്കാർ വിളിക്കുന്നുണ്ടെന്നു കോഴിക്കോട്ടെ പ്രമുഖ സ്പോർട്ട്സ് വെയർ നിർമാണ സ്ഥാപനമായ ‘ജഴ്സി ഫാക്ടറി’ ഉടമ തോപ്പിൽ ഷാജഹാൻ പറഞ്ഞു.
കറ കളഞ്ഞ ആരാധകർ ജഴ്സിയിലെ നേരിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുന്നവരാണ്. അർജന്റീനിയൻ ജഴ്സിയുടെ ഔദ്യോഗിക നിർമാതാക്കളായ അഡിഡാസിന്റെ ത്രീ സ്റ്റാർ കിറ്റ് ഞായറാഴ്ച തന്നെ പുറത്തിറക്കിയെങ്കിലും ആവശ്യക്കാരിലെത്താൻ 2023 ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. പക്ഷേ, ഔദ്യോഗിക ജഴ്സിയുടെ പല മടങ്ങ് എണ്ണം പ്രാദേശിക വിപണിയിൽ വിറ്റഴിയുന്നുണ്ട്.