ഫറോക്ക് പഴയ പാലത്തിൽ ഇത്തവണ കുടുങ്ങിയത് ടൂറിസ്റ്റ് വോൾവോ ബസ്; എസി യൂണിറ്റ് പൂർണമായും തകർന്നു
Mail This Article
ഫറോക്ക് ∙ ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് വോൾവോ ബസ് പഴയ പാലത്തിന്റെ ഇരുമ്പ് കമാനത്തിൽ കുടുങ്ങി. നഗരത്തിൽ നിന്നു ഫറോക്ക് ഭാഗത്തേക്കു പോകുകയായിരുന്ന ബസാണ് രാവിലെ 6നു ഇരുമ്പ് ചട്ടക്കൂടുള്ള പാലത്തിൽ കുടുങ്ങിയത്.
ബസിനു മുകളിൽ സ്ഥാപിച്ച എസി യൂണിറ്റ് പൂർണമായും തകർന്നു. അപകടത്തെ തുടർന്നു ഒന്നര മണിക്കൂറോളം പഴയ പാലം വഴിയുള്ള ഗതാഗതം നിലച്ചു. ചെറുവണ്ണൂർ കരയിൽ നിന്നു പ്രവേശിച്ച ഉടനാണു ബസിന്റെ എസി യൂണിറ്റ് ഇരുമ്പ് കമാനത്തിൽ ഇടിച്ചത്. ഇതോടെ മുൻപോട്ടു നീങ്ങാനാകാതെ കുടുങ്ങി.
പിന്നീട് നല്ലളം എസ്ഐമാരായ കെ.രഞ്ജിത്ത്, ഇ.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡ്രൈവർമാരും ഇടപെട്ടു എസി സംവിധാനം അഴിച്ചെടുത്ത് ബസ് പിറകോട്ട് എടുത്താണു രക്ഷപ്പെടുത്തിയത്. ബസിനു ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.കഴിഞ്ഞ ഓഗസ്റ്റ് 27നു പാലം ഉദ്ഘാടനം ചെയ്തയുടൻ സമാന രീതിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചിരുന്നു.
ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള ഉയരം കൂടിയ ചരക്കു വാഹനങ്ങൾ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ പാലത്തിന്റെ ഇരു കവാടത്തിലും പുതുതായി സുരക്ഷാ കമാനം സ്ഥാപിച്ചിട്ടുണ്ട്.3.6 മീറ്റർ ഉയരം ക്രമപ്പെടുത്തിയാണു കമാനം ഘടിപ്പിച്ചത്. പാലം എത്തുന്നതിനു മുൻപ് മുന്നറിയിപ്പ് ബോർഡുകളും സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.