കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പക്ഷികളുടെ കണക്കെടുപ്പ്
Mail This Article
കടലുണ്ടി ∙ ഏഷ്യൻ ജലപക്ഷി കണക്കെടുപ്പിന്റെ ഭാഗമായി മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കോഴിക്കോട് ബേഡേഴ്സും ചേർന്ന് കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പക്ഷി സർവേ നടത്തി. നേരത്തെ റിസർവിൽ കാണപ്പെട്ടിരുന്ന കടൽക്കാക്കകളുടെയും ആളകളുടെയും വരവ് കുറയുന്നതായാണ് കണ്ടെത്തൽ.അഴിമുഖത്തെ സ്വാഭാവിക മണൽത്തിട്ടകളുടെ അഭാവവും മത്സ്യബന്ധന ബോട്ടുകളുടെ സാന്നിധ്യവും ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിച്ചതായി സർവേ സംഘം വിലയിരുത്തി.
36 ഇനം പക്ഷികളെയാണു സർവേയിൽ കണ്ടെത്തിയത്. ഇവയിൽ പച്ചക്കാലി, ചോരക്കാലി, വരവാലൻ ഗോഡ്‌വിറ്റ്, പൊൻ മണൽക്കോഴി, ചാര മണൽക്കോഴി, വാൾ കൊക്കൻ എന്നീ 8 ഇനം ദേശാടനക്കിളികളാണ്. വനം ഉദ്യോഗസ്ഥരും 15 പക്ഷിനിരീക്ഷകരും ഉൾപ്പെട്ടതായിരുന്നു സർവേ സംഘം.പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി റിസർവ് ചെയർമാൻ പി.ശിവദാസൻ അധ്യക്ഷത വഹിച്ചു. പക്ഷിനിരീക്ഷകരായ വി.കെ.മുഹമ്മദ് ഹിറാഷ്, യദു പ്രസാദ്, പി.കെ.സുജീഷ് എന്നിവർ നേതൃത്വം നൽകി.