മുക്കം ഫെസ്റ്റിന് നാളെ തിരി തെളിയും
Mail This Article
മുക്കം ∙ മുക്കം ഫെസ്റ്റിന് നാളെ തിരി തെളിയും. നാളെ മുതൽ മലയോരത്തിന് ഉത്സവ ദിനങ്ങൾ. ഫെബ്രുവരി 5 വരെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റ് അരങ്ങ് തകർക്കുക. മത്തായി ചാക്കോ പഠന ഗവേഷണത്തിന്റെ ആഭിമുഖ്യത്തിൽ അഗസ്ത്യൻമൂഴിയിലെ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഫെസ്റ്റ്. ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ,പുഷ്പ പ്രദർശനം,പെറ്റ് ഷോ,അമ്യുസ്മെന്റ് പാർക്കുകൾ,ഭക്ഷ്യമേള,ഇരുവഞ്ഞിപ്പുഴയിൽ ബോട്ടിങ്,അലങ്കാര മത്സ്യ പ്രദർശനം,വിവിധ റൈഡുകൾ,തുടങ്ങിയ ഫെസ്റ്റിലുണ്ടാവും.
ഫെസ്റ്റിന് തുടക്കം കുറിച്ച് നാളെ 4 മണിക്ക് മുക്കത്തു നിന്ന് അഗസ്ത്യൻമൂഴിയിലെ ഫെസ്റ്റ് നഗറിലേക്ക് വർണ ശബളമായ ഘോഷയാത്രയും നടത്തുമെന്ന് ഫെസ്റ്റ് ചെയർമാൻ ലിന്റോ ജോസഫ് എംഎൽഎ, ജനറൽ കൺവീനർ വി.കെ.വിനോദ് എന്നിവർ അറിയിച്ചു. വൈകുന്നേരങ്ങളിൽ കലാപരിപാടികളും നടത്തും.
ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ കൂട്ടവര ശ്രദ്ധേയമായി.അഗസ്ത്യൻമൂഴിയിൽ മിനി സിവിൽ സ്റ്റേഷന് സമീപം കൂറ്റൻ ബാനറുകൾ ഒരുക്കിയായിരുന്നു ചിത്രകാരൻമാരുടെ നേതൃത്വത്തിൽ കൂട്ടവര. മുക്കത്തുകാരുടെ മനസ്സിൽ എന്നും ഇടം പിടിച്ചിട്ടുള്ള വയലിൽ മൊയ്തീൻ കോയ ഹാജി,ബി.പി.മൊയ്തീൻ തുടങ്ങിയ പ്രമുഖർ കൂട്ടവരയിൽ ഇടം കണ്ടെത്തി.
ചിത്ര കലാധ്യാപകൻ സിഗ്നി ദേവരാജിന്റെ നേതൃത്വത്തിലായിരുന്നു കൂട്ടവര. ദേവസ്യ ദേവഗിരി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു ആധ്യക്ഷ്യം വഹിച്ചു.വി.കെ.വിനോദ്,ടി.വിശ്വനാഥൻ,പ്രശോഭ് കുമാർ പെരുമ്പടപ്പിൽ, പ്രജിത പ്രദീപ്,ഇ.കെ.അബ്ദുസ്സലാം,യു.പി.നാസർ,അശ്വതി സനൂജ്,കെ.ടി.നളേശൻ എന്നിവർ പ്രസംഗിച്ചു.