22 വർഷമായി കൊലക്കേസ് പ്രതിയെ അന്വേഷിച്ചു പൊലീസ്; നാട്ടിലും കാസർകോടും ഹമീദിനെ കണ്ടവരുണ്ട് !
Mail This Article
വടകര∙ ഭാര്യ മരിച്ചയുടൻ കാണാതായ ഭർത്താവിനെ കൊലപാതകക്കേസിൽ പൊലീസ് അന്വേഷിക്കാൻ തുടങ്ങി 22 വർഷമാകുന്നു. എടച്ചേരി വേങ്ങോളി ആയാടത്തിൽ ജമീലയെ 2001 സെപ്റ്റംബർ എട്ടിനു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണു ഭർത്താവ് കിഴക്കയിൽ ഹമീദിനെ രണ്ടു പതിറ്റാണ്ടിലേറെയായി പൊലീസ് തിരയുന്നത്. നാട്ടിലും കാസർകോടും മറ്റുമായി ഹമീദിനെ കണ്ടവരുണ്ട്. എന്നാൽ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പുലർച്ചെ നിസ്കാരപ്പായയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ജമീല. രാവിലെ പത്രം ഇടാൻ പോയ കുട്ടികൾ തിരിച്ചെത്തിയപ്പോഴാണു വീണു കിടക്കുന്ന മാതാവിനെ കണ്ടത്. ആ സമയത്തു ഹമീദ് റോഡിൽ നിൽക്കുന്നുണ്ടായിരുന്നു. കുട്ടികൾ വിവരം അറിയിച്ചപ്പോൾ ഹമീദ് വീട്ടിലെത്തി വാവിട്ടു നിലവിളിക്കാൻ തുടങ്ങി.
പക്ഷേ, മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടർ കഴുത്തിൽ മുറുകിയ പാടുള്ളതായും തലയ്ക്ക് അടിയേറ്റതായും സംശയം പ്രകടിപ്പിച്ചപ്പോൾ ഹമീദ് ഫോൺ വിളിക്കാനെന്നു പറഞ്ഞു സ്ഥലം വിട്ടു. പിന്നെ ബന്ധുക്കൾ കണ്ടിട്ടില്ല. സംസ്കാരച്ചടങ്ങിലും എത്തിയില്ല.
പൊലീസ് അന്വേഷണം എങ്ങുമെത്താതായപ്പോൾ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ബന്ധുക്കൾ പല തവണ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതിയും നൽകി. ഹമീദ് തന്നെയാണു കൊലപാതകിയെന്നു ജമീലയുടെ ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുന്നു. എടച്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും ഹമീദിന്റെ പേരിലാണു കുറ്റാരോപണം. മകളുടെ ഘാതകനെ അറസ്റ്റ് ചെയ്യാൻ പരാതി നൽകാൻ വേണ്ടി പല തവണ പലപല ഓഫിസുകൾ കയറിയിറങ്ങിയ മാതാവ് മറിയയ്ക്ക് ഇപ്പോൾ 85 വയസ്സായി.