ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങൾക്കും ഇന്ധന സെസിനുമെതിരെ യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ കലക്ടറേറ്റ് മാർച്ചുകളിൽ സംഘർഷം. സമരക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജുമുണ്ടായി. ഒന്നര മണിക്കൂറോളം വയനാട് റോഡിൽ കലക്ടറേറ്റിനു മുൻവശത്ത് ഗതാഗതം സ്തംഭിച്ചു.

12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും 12 ബിജെപി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസിന്റെ മാർച്ചാണ് ആദ്യം സിവിൽ സ്റ്റേഷനിലെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെ ബിജെപി മാർച്ചുമെത്തി. 2 അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് പ്രതിഷേധങ്ങളെ നേരിടാൻ ഉണ്ടായിരുന്നത്.

യൂത്ത് കോൺഗ്രസ്
കേരളത്തിലെ ജനം ബുദ്ധിമുട്ടുമ്പോൾ സിപിഎം ത്രിപുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

രാവിലെ 11.15ന് എരഞ്ഞിപ്പാലത്തു നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് സിവിൽ സ്റ്റേഷൻ കവാടത്തിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. വൻ പൊലീസ് സന്നാഹവും ജലപീരങ്കിയുമുണ്ടായിരുന്നു. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഡിസിസി പ്രസിഡന്റിന്റെ ഉദ്ഘാടന പ്രസംഗം അവസാനിച്ചതിനു പിന്നാലെ പ്രവർത്തകർ വീണ്ടും ബാരിക്കേഡുകൾക്കു നേരെ തിരിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ 3 ബാരിക്കേഡുകൾ തള്ളി നീക്കി റോഡിനു നടുവിലെത്തിച്ച് റോഡ് ഉപരോധിച്ചു. പൊലീസിനു നേരെ കല്ലേറുമുണ്ടായതോടെ പൊലീസ് ലാത്തി വീശി. വനിതാ പ്രവർത്തകരെ തടയാൻ പുരുഷ പൊലീസ് ശ്രമിച്ചുവെന്നാരോപിച്ച് നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് എത്തിയതോടെ വീണ്ടും ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ, ടി.എം.നിമേഷ്, അഭിജിത്ത് ഉണ്ണികുളം, വി.ടി.സൂരജ്, സനുജ് കുരുവട്ടൂർ, അർജുൻ കറ്റയാട്ട്, ഫിലിപ്പ് ചോല, വി.ഋഷികേശ്, പി.എം.ഷഹബാസ്, വി.എം.അബി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാർച്ച് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. നികുതിഭാരവും വിലക്കയറ്റവും മൂലം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കേരളത്തിലെ സിപിഎം ത്രിപുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ സിപിഎം കോൺഗ്രസിന്റെ തണലിലാണ്. വില വർധിപ്പിക്കുന്നതിൽ പിണറായി വിജയൻ നരേന്ദ്രമോദിയോട് മത്സരിക്കുകയാണ്. ബജറ്റിലെ ജനദ്രോഹ നയങ്ങൾ പിൻവലിച്ചില്ലെങ്കിൽ മന്ത്രിമാരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും പ്രവീൺ പറഞ്ഞു. 

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻഎസ്‌യു  ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ധനീഷ്‌ലാൽ, വി.പി.ദുൽഖിഫിൽ, ഒ.ശരണ്യ, ജില്ലാ സെക്രട്ടറി ബവീഷ് ചേളന്നൂർ, വി.ടി.നിഹാൽ, ഇ.കെ.ശീതൾരാജ്, ഉഷേശ്വരി ശാസ്ത്രി , നസീം പെരുമണ്ണ, ശ്രീയേഷ് ചെലവൂർ, ജവഹർ പൂമംഗലം, എൻ.ലബീബ് എന്നിവർ പ്രസംഗിച്ചു.

ബിജെപി
നികുതി കുടിശിക പിരിച്ചെടുത്ത് ജനത്തിന്റെ ഭാരം കുറയ്ക്കണം: സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ കലക്ടറേറ്റിലേക്കു ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് മറിച്ചിട്ടു പ്രതിഷേധിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം: മനോരമ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ മാർച്ച് കലക്ടറേറ്റ് പരിസരത്ത് എത്തിയത്. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു ശേഷമായിരുന്നു ഉദ്ഘാടനം. കെ.സുരേന്ദ്രന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ചില പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. ഇവരെ പൊലീസ് താഴെയിറക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.

പിന്നാലെ പ്രവർത്തകർ വയനാട് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സമരം അവസാനിച്ചത്.  യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ, സെക്രട്ടറി മിഥുൻ മോഹൻ, പ്രവീൺ ശങ്കർ, വിസ്മയ പിലാശ്ശേരി, നയന ശിവദാസ്, ലിബിൻ കുറ്റ്യാടി, വി.വൈഷ്ണവേഷ്, ശ്രീജ പി.നായർ, ലീന കുന്നമംഗലം, ടി.പി.ഷിജി  എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഴിമതിയും ധൂർത്തും നടത്താൻ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. സിഎജിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 13 വകുപ്പുകളിലായി നികുതിയിനത്തിൽ 7100 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഈ കുടിശിക പിരിച്ചെടുത്ത് പാവപ്പെട്ടവരടെ മേൽ ചുമത്തിയ നികുതിഭാരം കുറയ്ക്കണം. ഗുണകരമായ ഒരു പദ്ധതിയും ബജറ്റിലില്ല. മറ്റ് സംസ്ഥാനങ്ങൾ ചെയ്ത രീതിയിൽ 13 രൂപ പെട്രോളിന് കുറയ്‌ക്കേണ്ടതിനു പകരം 2 രൂപ കൂട്ടി. കേന്ദ്രം സഹായിക്കുന്നില്ലെന്നാണ് പരാതി.

യുപിഎ സർക്കാർ 10 വർഷം നൽകിയിതിന്റെ നാലിരട്ടി തുകയാണ് എൻഡിഎ സർക്കാർ 8 വർഷം കൊണ്ടു കേരളത്തിനു നൽകിയത്. കിറ്റ് കൊടുത്ത് ഇനിയും പിണറായി വിജയനു കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, മേഖലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, എൻ.പി.രാമദാസ്, രാമദാസ് മണലേരി, ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com