വ്യാജ വരുമാന സർട്ടിഫിക്കറ്റ് ;ജനസേവാ കേന്ദ്രങ്ങളിൽ പരിശോധന; ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു
Mail This Article
നാദാപുരം∙ പഞ്ചായത്ത് ഓഫിസിൽ ലഭിച്ച സാമൂഹിക ക്ഷേമ പെൻഷൻ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച 10 വരുമാന സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2 ജനസേവാ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. ടൗൺ പരിസരത്തെ ജനസേവാ കേന്ദ്രത്തിലും
ചിയ്യൂരിലെ സ്ഥാപനത്തിലുമായിരുന്നു പരിശോധന. കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്തു. നാദാപുരത്തെ സ്ഥാപനം നടത്തിയ ഉടമയുടെ വീട്ടിലും തിരച്ചിൽ നടത്തി. അടഞ്ഞു കിടക്കുന്ന ഈ സ്ഥാപനത്തിൽ നിന്നുള്ള കംപ്യൂട്ടറുകളും മറ്റും ചിയ്യൂരിലേക്കു മാറ്റിയതായാണ് കണ്ടെത്തിയത്.
അഡിഷനൽ എസ്ഐ കെ.ജി.രാധാകൃഷ്ണൻ, സൈബർ സെൽ വിദഗ്ധൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നാദാപുരം വില്ലേജ് ഓഫിസറുടെ പേരിലുള്ള വ്യാജ വരുമാന സർട്ടിഫിക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് വില്ലേജ് ഓഫിസറാണ് പൊലീസിൽ പരാതി നൽകിയത്.
വ്യാജരേഖ ചമച്ചതിനാണ് കേസെടുത്തത്. പഞ്ചായത്തിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ നാദാപുരത്തെ ജനസേവാ കേന്ദ്രത്തിൽ നിന്നാണ് ലഭിച്ചതെന്ന് അപേക്ഷകർ മൊഴി നൽകിയിരുന്നു.