താലൂക്ക് ഓഫിസിൽ സർട്ടിഫിക്കറ്റുകൾ തയാറാക്കിയത് ജീവനക്കാരൻ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചെന്ന് ആരോപണം
Mail This Article
കോഴിക്കോട് ∙ താലൂക്ക് ഓഫിസിലെ ജീവനക്കാരൻ മുഖേന വ്യാജ അനന്തരാവകാശ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതായി പരാതി. ഇത്തരത്തിലുള്ള 2 സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. ഇതിലെ ഗസറ്റ് നമ്പറും തഹസിൽദാരുടെ പേരും കാലയളവുമെല്ലാം തെറ്റായാണു രേഖപ്പെടുത്തിയതെന്ന് അറിയുന്നു. നേരത്തെ ഈ ജീവനക്കാരൻ മുഖേന നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ഇതിന്റെ അസ്സൽ ലഭിക്കാനായി ഒരാൾ ശനിയാഴ്ച വൈകിട്ട് താലൂക്ക് ഓഫിസിൽ എത്തിയതോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തായത്.
Also read: കഴിഞ്ഞവർഷം കളമശേരിയിലും ബ്രഹ്മപുരത്തും മാലിന്യത്തിനു തീപിടിച്ചത് ഒരേ ദിവസം; ആശങ്കയിൽ ജനം
സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ ഗസറ്റ് നമ്പർ പരിശോധിച്ചപ്പോഴാണ് ഇതിലെ നമ്പർ തന്നെ തെറ്റാണെന്നു മനസ്സിലായത്. കൂടുതൽ പരിശോധിച്ചപ്പോൾ ഇതിലെ തഹസിൽദാരുടെ പേരും തെറ്റായാണു രേഖപ്പെടുത്തിയതെന്നു കണ്ടെത്തി. നേരത്തെ ഇവിടെ ജോലി ചെയ്ത തഹസിൽദാർമാരുടെ പേരാണ് 2 സർട്ടിഫിക്കറ്റിലുമുള്ളത്. പക്ഷേ, അവരുടെ കാലയളവുകൾ മാറിയാണ് ഇതിൽ രേഖപ്പെടുത്തിയത്. ആദ്യ പരിശോധനയിൽ തന്നെ ഇതെല്ലാം വ്യക്തമായതോടെയാണ് സർട്ടിഫിക്കറ്റ് വ്യാജമായാണു നിർമിച്ചതെന്നു കണ്ടെത്തിയത്.
Also read: മരണക്കിണർ അഭ്യാസത്തിനല്ല, നന്ദി പറയാൻ ജീലാനിയും കുടുംബവും വീണ്ടും പൂരത്തിനെത്തി
ഒരു സർട്ടിഫിക്കറ്റ് 6 വർഷം മുൻപും മറ്റൊന്ന് ഒരു വർഷത്തിനിടെയും നൽകിയതായാണു രേഖപ്പെടുത്തിയതെന്നും അറിയുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട സെക്‌ഷനിൽ നിന്നും തഹസിൽദാർ ഉൾപ്പെടെയുള്ളവരെ അറിയിച്ചു. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതെക്കുറിച്ച് ഇന്നു കലക്ടർ ഉൾപ്പെടെയുള്ളവർക്ക് റിപ്പോർട്ട് നൽകുമെന്നും അധികൃതർ പറഞ്ഞു. കംപ്യൂട്ടർ വിദഗ്ധനായ ജീവനക്കാരൻ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതാണ് ജീവനക്കാർക്കിടയിലെ സംസാരം.