ADVERTISEMENT

കോഴിക്കോട്/വടകര ∙ നഗരത്തിൽ ഓൺലൈൻ വഴി വ്യാപകമായി പടക്കം എത്തിക്കുന്നു എന്ന പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുറിയർ പാഴ്സൽ സ്ഥാപനത്തിൽ നിന്നു 1,500 കിലോയിലേറെ കരിമരുന്ന് പടക്കങ്ങൾ പിടികൂടി. വടകരയിലും സമാനമായ സംഭവത്തിൽ കേസെടുത്തു

കല്ലുത്താൻകടവ് റോഡിൽ നോവ കുറിയർ പാഴ്സൽ സ്ഥാപനത്തിൽ നിന്നാണ് 69 കാർഡ് ബോർഡ് പെട്ടികളിലായി സൂക്ഷിച്ച പടക്കങ്ങൾ കസബ എസ്ഐ ആർ.ജഗ്‍മോഹൻ ദത്തന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. പടക്കങ്ങൾ സൂക്ഷിക്കാനുള്ള ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഉടമ കോയമ്പത്തൂർ സ്വദേശി ജോർജ് അലക്സാണ്ടർക്കെതിരെ പൊലീസ് കേസെടുത്തു.

വടകര കരിമ്പനപ്പാലത്തിനു സമീപത്തെ നോവ കുറിയർ വഴി ഒരു ലക്ഷം രൂപയോളം വില വരുന്ന പടക്കം അയച്ചെന്ന പരാതിയെ തുടർന്ന് കടയ്ക്കെതിരെ പൊലീസ് കേസെടുത്തത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള കുറിയർ സർവീസാണിത്. 13 പെട്ടിയിൽ സുരക്ഷാ മാനദണ്ഡം ഇല്ലാതെയാണ് പടക്കം അയച്ചത്. ശിവകാശിയിൽ നിന്ന് കോയമ്പത്തൂർ വഴിയാണ് പടക്കം എത്തുന്നത്. 

ഫയർ വർക്കേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് കോഴിക്കോട്ട് പൊലീസ് തിരച്ചിൽ നടത്തിയത്. പടക്കങ്ങൾ ഓൺലൈനിൽ എത്തിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് പരിശോധിക്കുകയായിരുന്നു. കോടതിയിൽ നിന്നു പരിശോധന ഉത്തരവ് വാങ്ങി പൊലീസ് സംഘം ഗോഡൗൺ പൂർണമായും പരിശോധിച്ചു. 

വിവിധ ആളുകൾക്ക് വേണ്ടിയാണ് പടക്കം എത്തിച്ചത്. തമിഴ്നാട്ടിൽ നിർമിച്ചവയാണെന്നു പൊലീസ് പറഞ്ഞു. സ്ഥാപനം അടച്ചു സീൽ വച്ചു. പിടിച്ചെടുത്ത പടക്കം സൂക്ഷിച്ച ഗോഡൗണിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്ന് ബോംബ് സ്ക്വാഡ് എത്തി പടക്കം നിർവീര്യമാക്കും. നിലവിലുള്ള പടക്ക ലൈസൻസി ഡിപ്പോകളിൽ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നുണ്ട്. രഹസ്യമായി എത്തിക്കുന്ന പടക്കം  ലൈസൻസ് ഇല്ലാത്ത കേന്ദ്രങ്ങളിൽ അനധികൃതമായി സൂക്ഷിക്കുന്നത് കണ്ടെത്താൻ പരിശോധന നടക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com