വിഷുവിനു മുൻപ് പൊലീസിന്റെ വെടിക്കെട്ട്
Mail This Article
കൊയിലാണ്ടി ∙ വിഷുവിനു മുൻപു കീഴരിയൂരിൽ വെടിക്കെട്ട്. ലോറിയിൽ കടത്തുന്നതിനിടെ കൊയിലാണ്ടി പൊലീസ് പിടികൂടിയ പടക്കങ്ങളാണ് കീഴരിയൂരിലെ നടുവത്തൂരിലുള്ള ആനപ്പാറ ക്വാറിയിൽ എത്തിച്ചു പൊട്ടിച്ചു തീർത്തത്. കമ്പിത്തിരി, മത്താപ്പ്, റാട്ട് ഉൾപ്പെടെയുള്ള പടക്കങ്ങളാണു കെട്ടുകളായി വാഹനത്തിൽ കൊണ്ടുവന്നത്. കൊയിലാണ്ടി സ്റ്റേഷൻ എസ്എച്ച്ഒയുടെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് ക്വാറിയിൽ എത്തിച്ച് പടക്കങ്ങൾ പൊട്ടിച്ചത്. 156 പാക്കറ്റ് പടക്കമാണു നശിപ്പിച്ചത്.
രാവിലെ ആരംഭിച്ച പൊട്ടിക്കൽ വൈകിട്ടും തുടർന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൊയിലാണ്ടി എസ്ഐ പി.എം.ശൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു പടക്കം പിടികൂടിയത്. ലോറി കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് പടക്കങ്ങൾ നശിപ്പിക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.