വിഷുത്തിരക്ക്: രാമനാട്ടുകരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Mail This Article
രാമനാട്ടുകര ∙ വിഷുത്തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.വൈകിട്ട് 3 മുതൽ 6 വരെ ഏറെനേരം ഗതാഗതം താറുമാറായി. എയർപോർട്ട് റോഡ് കടന്നു പോകാൻ യാത്രക്കാർ കഷ്ടപ്പെട്ടു. ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരന്റെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ടാണു ഗതാഗതം നിയന്ത്രിച്ചത്. വിഷുവിനു സാധനങ്ങൾ വാങ്ങാനും മറ്റും എത്തുന്നവർക്കു പുറമേ വാഹനങ്ങളുടെ ആധിക്യവും അനധികൃത പാർക്കിങ്ങും അങ്ങാടിയിൽ ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളാണ് ഏറെയും കുരുക്കിൽപ്പെടുന്നത്. ബൈപാസ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും കുടുങ്ങി. പാറമ്മൽ ജംക്‌ഷൻ, കോളജ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്നു എയർപോർട്ട് റോഡിലേക്ക് വാഹനങ്ങൾ അലക്ഷ്യമായി കയറുന്നത് കുരുക്ക് രൂക്ഷമാക്കി.വിഷുത്തിരക്കിനൊപ്പം നഗരത്തിനു ഉൾക്കൊള്ളാവുന്നതിലധികം വാഹനങ്ങളാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
ഇതാണ് എയർപോർട്ട് റോഡിൽ തിരക്കിനു കാരണം. കാൽനട യാത്രക്കാരും പാടുപെട്ടു. അത്യാവശ്യ കാര്യങ്ങൾക്ക് എത്തിയവരെല്ലാം ഏറെനേരം വഴിയിൽ കുടുങ്ങി.ഇതിനിടെ നിര തെറ്റിച്ചു ഇരുചക്ര വാഹനങ്ങൾ കുതിച്ചെത്തുന്നതും ഗതാഗതത്തെ ബാധിച്ചു. അതേസമയം യൂണിവേഴ്സിറ്റി റോഡ്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് കാര്യമായ കുരുക്കിൽപെടാതെ കടന്നു പോകാനായി. പാറക്കടവ് റോഡ് പരിസരത്ത് സ്ഥാപിച്ചിരുന്ന വേഗ നിയന്ത്രണ ബോർഡ് തിരക്ക് കണക്കിലെടുത്തു പൊലീസ് താൽക്കാലികമായി എടുത്തുമാറ്റി.