ഇയ്യങ്കോട് വായനശാല തകർത്ത സംഭവത്തിനു പിന്നാലെ കല്ലാച്ചി മത്സ്യ മാർക്കറ്റിലെ സ്റ്റാൾ തകർത്തതു രാഷ്ട്രീയ വിവാദത്തിൽ
Mail This Article
നാദാപുരം∙ ജനകീയ കൂട്ടായ്മ ഇയ്യങ്കോട് ദേശപോഷിണി വായന ശാലയ്ക്ക് പകരം നിർമാണം തുടങ്ങിയ താൽക്കാലിക കെട്ടിടം അനധികൃത നിർമാണമെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തകർത്ത സംഭവത്തിന് ഒരാഴ്ച തികയുമ്പോൾ കല്ലാച്ചി മത്സ്യ മാർക്കറ്റിലെ പഞ്ചായത്ത് വക ചിക്കൻ സ്റ്റാൾ തകർത്തതും രാഷ്ട്രീയ വിവാദത്തിലേക്ക്. ഈ സ്റ്റാൾ പുതുതായി ലേലത്തിലെടുത്ത ആൾക്ക് കൈമാറുന്നതിനു മുൻപായി ടൈലുകളും സ്റ്റാൻഡുമെല്ലാം തച്ചു തകർത്തതാണ് വിവാദമായത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
വായന ശാല തകർത്ത സംഭവം 12നു നടന്ന ഭരണ സമിതി യോഗത്തിൽ വൻ പ്രതിഷേധത്തിനും കയ്യാങ്കളിക്കും വഴിയൊരുക്കിയിരുന്നു. ഇതിനിടയിൽ ജനകീയ കൂട്ടായ്മയിൽ വായനശാല പുനർ നിർമിക്കുകയും ചെയ്തു. പിന്നാലെ മത്സ്യ മാർക്കറ്റിലെ ലേലം സംബന്ധിച്ചു സിപിഎം അംഗം അവിഹിതമായി ഇടപെട്ടു എന്ന് യൂത്ത് ലീഗ് ആരോപണമുന്നയിച്ചു. പിന്നാലെ, ഇരട്ട പ്രതിഫലം വാങ്ങിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങി. ഇതിനിടയിലാണ് ചിക്കൻ സ്റ്റാൾ തകർത്തതും വിവാദമായിരിക്കുന്നത്.
കല്ലാച്ചി മത്സ്യ മാർക്കറ്റിലെ ചിക്കൻ സ്റ്റാളിനെച്ചൊല്ലി തർക്കം; സ്റ്റാൾ തകർത്ത ശേഷം കൈമാറി
നാദാപുരം∙ പഞ്ചായത്ത് ലേലം ചെയ്ത കല്ലാച്ചി മത്സ്യ മാർക്കറ്റിലെ ചിക്കൻ സ്റ്റാളുകളിലൊന്ന് നിലവിലെ ഉടമ പുതുതായി ലേലമെടുത്തവർക്ക് കൈമാറിയില്ലെന്ന പരാതി വ്യാഴാഴ്ച രാത്രി ഏറെ നേരം നീണ്ട വാക്കേറ്റത്തിനും ബഹളത്തിനും വഴിയൊരുക്കി. പൊലീസും വാർഡ് മെംബറും പഞ്ചായത്ത് ഉദ്യോഗസ്ഥനും അടക്കം എത്തി സ്റ്റാളിനു മറ്റൊരു പൂട്ടിട്ടു പൂട്ടിയതോടെ ഒടുവിൽ സ്റ്റാൾ തിരിച്ചേൽപിച്ചു. ഇതിനിടയിൽ സ്റ്റാളിലെ ടൈലുകളും തറയും മറ്റും കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു. വാർഡ് മെംബർ നിഷാ മനോജും ഉദ്യോഗസ്ഥരും എത്തിയാണ് വ്യാഴാഴ്ച രാത്രി സ്റ്റാൾ ഒഴിയാൻ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടത്.
പുതുതായി ലേലം എടുത്തവർ 3 മാസ വാടക പഞ്ചായത്തിൽ അടച്ചതാണെന്നും അവർക്ക് സ്റ്റാൾ കൈമാറണമെന്നുമായിരുന്നു ആവശ്യം. ലേല കാലാവധി കഴിഞ്ഞിട്ടും സ്റ്റാൾ കൈമാറാത്തത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെയാണെന്ന പരാതിയുമായി സിപിഎം പ്രവർത്തകരും രംഗത്തെത്തി. പിന്നീട് സ്റ്റാൾ കൈമാറിയപ്പോഴേക്കും സ്റ്റാളിനകത്ത് ഏറെ നാശ നഷ്ടമുണ്ടാക്കിയിരുന്നു. സ്റ്റാളിനകത്ത് നഷ്ടമുണ്ടാക്കിയവർക്ക് എതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇതിനിടയിൽ, സ്റ്റാളിനു സമീപം അനധികൃതമായി വിൽപന നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.