ADVERTISEMENT

‌കോഴിക്കോട്∙ ഗോകുലം കേരള ഫുട്ബോളിനു പരിശീലനത്തിനായി വിട്ടു നൽകിയ ഇഎംഎസ് സ്റ്റേഡിയം കരാർ റദ്ദാക്കി തിരിച്ചെടുക്കാൻ കോർപറേഷൻ. ഗോകുലം പരിപാലന കരാർ ലംഘിച്ചതിനെ തുടർന്നാണ് തിരിച്ചെടുക്കുന്നത്. സ്റ്റേഡിയം പരിപാലനത്തിനു നേരിട്ട് ടെൻഡർ വിളിക്കാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്. പ്രതിവർഷം 3.40 ലക്ഷം രൂപയ്ക്കാണ് കോർപറേഷൻ സ്റ്റേഡിയം ഗോകുലത്തിനു പരിശീലനത്തിനു നൽകിയിരുന്നത്. 3 വർഷത്തേക്കായിരുന്നു കരാർ. എന്നാൽ സ്റ്റേഡിയം വൃത്തിയായി പരിപാലിക്കാൻ ഗോകുലത്തിനു കഴിഞ്ഞില്ലെന്നാണു കോർപറേഷൻ വിലയിരുത്തൽ. 

സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ കൃത്യമായ പരിപാലനമില്ലാത്തതിനാൽ നശിച്ചു. സ്റ്റേഡിയവും പരിസരവും വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയാണ്. പല ഉപകരണങ്ങളും തുരുമ്പെടുത്തു നശിക്കുകയും ചെയ്തു.  സൂപ്പർ കപ്പ് ഫുട്ബോളിനു വേദിയാകാനിരിക്കെ ഇതു വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ മൂലം സൂപ്പർ കപ്പ് വേദി പോലും കോഴിക്കോട്ടു നിന്നു മാറ്റുമെന്ന് ആശങ്കയുണ്ടായിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഒരാഴ്ച കൊണ്ടു സ്റ്റേഡിയം നന്നാക്കിയെടുത്തത്.  

ഗോകുലം ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടായാണു നിലവിൽ സ്റ്റേഡിയം ഉപയോഗിക്കുന്നത്. എന്നാൽ മത്സരങ്ങൾക്കു വേണ്ടി തയാറാക്കിയ സ്റ്റേഡിയം പരിശീലന ഗ്രൗണ്ട് ആയി ഉപയോഗിക്കുന്നതു ശരിയല്ലെന്നു ഫുട്ബോൾ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗോകുലത്തിൽ നിന്നു സ്റ്റേഡിയം തിരിച്ചെടുക്കാൻ കോർപറേഷൻ തീരുമാനിച്ചത്. 

ധനകാര്യ കമ്മിറ്റിയുടെ തീരുമാനം കോർപറേഷൻ കൗൺസിലിനു വിട്ടിട്ടുണ്ട്. കൗൺസിൽ തീരുമാനിച്ചാൽ സ്റ്റേഡിയം തിരിച്ചെടുക്കും. സ്റ്റേഡിയം വിട്ടു നൽകിയാൽ പരിപാലിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കെഎഫ്എയ്ക്കു വിട്ടു നൽകുകയാണെങ്കിൽ വർഷം മുഴുവൻ മത്സരങ്ങൾ സംഘടിപ്പിക്കാനും സ്റ്റേഡിയം വൃത്തിയായി പരിപാലിക്കാനും കഴിയുമെന്നും കെഎഫ്ഐ സൂചിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com