ADVERTISEMENT

വടകര ∙ ജില്ലാ ആശുപത്രിക്കു വേണ്ടി 17 കോടിയോളം രൂപ ചെലവിൽ പണിത പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി.  4 നിലകളിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യത്തോടെ പണിത കെട്ടിടം കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗം എന്ന പേരിലാണ് നിർമിച്ചതെങ്കിലും പുരുഷ – വനിത ജനറൽ വാർഡിന് പുതിയ കെട്ടിടം പൂർത്തിയാകും വരെ തൽക്കാലം ജനറൽ വാർഡുകളായിരിക്കും പ്രവർത്തിക്കുക. കെട്ടിടത്തിന്റെ ഉദ്ഘാടനം 28 ന് രാവിലെ 11 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആധ്യക്ഷ്യം വഹിക്കും. കെ.മുരളീധരൻ എംപി, കെ.കെ.രമ എന്നിവർ മുഖ്യാതിഥിയാകും. കെട്ടിട നിർമാണം നടത്തിയ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശന് കെ.കെ.രമ എംഎൽഎ ഉപഹാരം നൽകും.

സംഘാടക സമിതി ചെയർപഴ്സനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൺവീനറായി ആശുപത്രി സൂപ്രണ്ട് ഡോ.സരള നായർ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ എൻ.എം.വിമല, കെ.വി.റീന, വാ‍ർഡ് കൗൺസിലർ അജിത ചീരാംവീട്ടിൽ, ആർ.സത്യൻ, ഒ.കെ.കുഞ്ഞബ്ദുല്ല, എടയത്ത് ശ്രീധരൻ, വടയക്കണ്ടി നാരായണൻ, എം.പി.അബ്ദുല്ല, എൻ.വി.ബാബു എന്നിവർ പ്രസംഗിച്ചു.

83 കോടി ചെലവിൽ 6 നില കെട്ടിടം വരും

ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം കൂടി വരുന്നു. പ്രധാനമന്ത്രി ജന വികാസ് കാര്യക്രം പദ്ധതിയിൽപ്പെടുത്തി 83 കോടി രൂപ ചെലവിൽ പണിയുന്ന കെട്ടിടത്തിന് 6 നിലയുണ്ടാകും. ഇതോടെ ആശുപത്രിയിൽ 70 വർഷം വരെ പഴക്കമുള്ള പല കെട്ടിടവും പൊളിച്ച് ഇതിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ 60% കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരുമാണ് വഹിക്കുക. ഇതിന്റെ ആദ്യ ഗഡുവായ 43 കോടി രൂപ ആശുപത്രിയുടെ അക്കൗണ്ടിൽ എത്തിയിട്ട് ഒരു വർഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com