തീപിടിച്ച മുറിയിൽ ചൂടേറ്റ് 22 പാചകവാതക സിലിണ്ടർ
Mail This Article
കോഴിക്കോട് ∙ തീപിടിത്തമുണ്ടായ മുറിയിൽ ചൂടുപിടിച്ചു കിടന്ന 22 പാചകവാതക സിലിണ്ടറുകൾ അഗ്നിരക്ഷാസേനയുടെ സാഹസിക ഇടപെടലിലൂടെ പുറത്തെത്തിച്ചു വൻ ദുരന്തം ഒഴിവാക്കി. വേങ്ങേരി തടമ്പാട്ടുതാഴം റോഡിലെ സൂരജ് കേറ്ററിങ് ആൻഡ് ഇവന്റ്സ് സ്ഥാപനത്തിൽ ഇന്നലെ രാവിലെയാണു തീപിടിത്തം ഉണ്ടായത്. പൂട്ടിക്കിടന്ന മുറിയുടെ ഷട്ടറിന് അടിയിലൂടെ പുക കണ്ട നാട്ടുകാർ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാസേന എത്തിയപ്പോൾ ഷട്ടറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീ ആളുകയായിരുന്നു.
തുടർന്നു ഷട്ടർ പൂട്ടു പൊളിച്ചപ്പോൾ അകത്ത് 22 സിലിണ്ടറുകൾ ചൂടേറ്റു കിടക്കുന്നതു കണ്ടു. പല സിലിണ്ടറുകളും ചൂടേറ്റു നിറം മാറിയിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനാംഗങ്ങൾ സിലിണ്ടറുകളിലേക്കു തുടരെ വെള്ളം ചീറ്റി തണുപ്പിച്ചു. തുടർന്ന് ഓരോ സിലിണ്ടറായി പുറത്തെത്തിച്ചു. സമീപത്തേക്കു തീ പടരാതിരിക്കാനും നടപടി സ്വീകരിച്ചു.
ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ഒ.കെ.അശോകൻ, എ.അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.ടി.റാഷിദ്, കെ.ടി.നിഖിൽ, ഇ.സുബിൻ, വി.കെ.അഭിലജ്പത്‌ലാൽ, പി.ഷാജി, ടി.പി.മഹേഷ്, ഹോം ഗാർഡ് മാരായ പി.ബാലകൃഷ്ണൻ, ഇ.എം.ബാലൻ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്. പാവങ്ങാട് സ്വദേശി ഗഫൂറും ഭാര്യ നാഫിറയുമാണു സ്ഥാപനം നടത്തിപ്പുകാർ. വ്യാഴാഴ്ച രാത്രി പരിപാടി കഴിഞ്ഞു സാധനങ്ങൾ മുറിയിൽ വച്ചു പൂട്ടിയതാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥാപനത്തിലെ ഫ്രിജ്, ഫ്രീസർ, പാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു.