മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും സുരേഷ് ഗോപിയും
Mail This Article
കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രിയെത്തി. രാവിലെ ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ് നിസാർ, അബ്ദുൽ റഷീദ് എന്നിവരെ കണ്ട് അനുശോചനം അറിയിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി, കൗൺസിലർമാരായ വാടിയിൽ നവാസ്, കൊല്ലരത്ത് സുരേഷൻ, ടി.കെ.ഷെമീന തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.
കോഴിക്കോട്∙ സത്യനു ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച വരദാനമായിരുന്നു മാമുക്കോയയെന്ന് സുരേഷ് ഗോപി പറഞ്ഞു. അന്തരിച്ച നടൻ മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിനയ രംഗത്ത് ഏറെ മികവ് കാട്ടിയ സഹപ്രവർത്തകനായിരുന്നു മാമുക്കോയയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, സതീഷ് കുന്നത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.