ADVERTISEMENT

മുക്കം ∙ വാഴക്കുല വാങ്ങാനോ ഏറ്റെടുക്കാനോ സംവിധാനമില്ലാതായതോടെ മലയോര മേഖലയിലെ കർഷകർ ദുരിതത്തിൽ. രൂക്ഷമായ വേനൽച്ചൂടിൽ വാഴകൾ നിലം പൊത്തി ബുദ്ധിമുട്ടിലായ കർഷകർക്ക് വിളവെടുക്കാറായ സമയത്ത് കുലകൾ വിറ്റഴിക്കാൻ കഴിയാത്തത് ഇരുട്ടടിയായിരിക്കുകയാണ്. കോഴിക്കോട് വേങ്ങേരിയിലെ മാർക്കറ്റായിരുന്നു കർഷകരുടെ ആശ്രയം. വേങ്ങേരിയിൽ ഹോർട്ടി കോർപ് വാഴക്കുലകൾ വ്യാപകമായി എടുക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പരാതിപ്പെടുന്നു. 100 കണക്കിന് വാഴക്കുലകൾ കർഷകരിൽ നിന്നും സ്വീകരിച്ചിരുന്ന ഹോർട്ടി കോർപ് നാമമാത്രമായ കുലകൾ മാത്രമേ ഇപ്പോൾ എടുക്കുന്നൂള്ളൂവെന്നാണു പരാതി.

പൊതുമാർക്കറ്റുകളിൽ ലഭിക്കുന്നതിനേക്കാൾ വില ഹോർട്ടി കോർപിൽ നിന്നു കർഷകർക്ക് ലഭിക്കാറുണ്ടായിരുന്നു. ഹോർട്ടികോർപിന്റെ സ്റ്റാളുകൾ അടച്ചു പൂട്ടുകയാണെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ഡിസംബറിനു ശേഷം നൽകിയ വാഴക്കുലകളുടെ വിലയും ഹോർട്ടി കോർപിൽ നിന്ന് ഒട്ടേറെ കർഷകർക്ക് കിട്ടാനുണ്ടെന്നും നോർത്ത് കാരശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിത  സംഘം പ്രസിഡന്റ് അടുക്കത്തിൽ മുഹമ്മദ് ഹാജി, സെക്രട്ടറി എ.ടി.ഇസ്മായിൽ എന്നിവർ പറയുന്നു.

മുക്കത്തെ വിഎഫ്പിസികെ കർഷകരിൽ നിന്നു വാഴക്കുലകൾ എടുക്കുന്നതാണ് അൽപമെങ്കിലും ആശ്വാസം.വേനൽച്ചൂടിലും വേനൽ മഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപകമായ തോതിൽ വാഴക്കൃഷി നശിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വാഴക്കുലകൾ വാങ്ങി ഹോർട്ടി കോർപ് തങ്ങളെ രക്ഷിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. മുക്കം നഗരസഭയ്ക്ക് പുറമേ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലെ കർഷകരുടെ വാഴക്കുലകളാണ് വേനൽച്ചൂടിലും മഴയിലും നിലംപൊത്തിയത്.

ജീരകപ്പാറയിൽ കാറ്റിൽ കൃഷി നാശം

കോടഞ്ചേരി∙ തുഷാരഗിരി ജീരകപ്പാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരുമ്പള്ളി ഷാജിയുടെ 700 നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പാറുകുന്നേൽ രാജേഷിന്റെ 250 ഞാലിപ്പൂവൻ വാഴകളും മണ്ഡപത്തിൽ റോബിന്റെ 50 നേന്ത്രവാഴകളും കാറ്റിൽ നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com