എലത്തൂർ ട്രെയിൻ തീവയ്പ്: ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിൽ പൊലീസിൽ അമർഷം
Mail This Article
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തെ തുടർന്ന് തെളിവുകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പേരിൽ പൊലീസ്– ഫൊറൻസിക് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിൽ പൊലീസിൽ അമർഷം. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടും ഒരു വിഭാഗത്തിനു നേരെ മാത്രം നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെയാണു പ്രതിഷേധം.
രാത്രി സംഭവമുണ്ടായപ്പോൾ മുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസുകാർ പറയുന്നു. സംഭവ സ്ഥലം ഇവർ സന്ദർശിക്കുകയും ട്രാക്കിൽ നിന്നു ലഭിച്ച സെയ്ഫിയുടെ ബാഗ് പരിശോധിക്കുകയും ചെയ്തിരുന്നു. സെയ്ഫിയുടെതാണെന്ന് രാത്രി തന്നെ ഉന്നത ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ബാഗ് സുരക്ഷിതമായി മാറ്റാനുള്ള നടപടിയുണ്ടായില്ല.
പിറ്റേന്നു വരെ ബാഗ് ട്രാക്കിനോടു ചേർന്നുതന്നെ കിടക്കുകയായിരുന്നു. ട്രെയിനിൽ തീ വച്ച ശേഷം പ്രതി ഇതേ ട്രെയിനിൽ തന്നെയാണു കണ്ണൂരിലേക്കു രക്ഷപ്പെട്ടത്. മുതിർന്ന ഉദ്യോഗസ്ഥർ അടക്കം പ്രശ്നത്തിൽ ഇടപെട്ടിട്ടും ട്രെയിൻ വിശദമായി പരിശോധിക്കാനോ ഷാറുഖ് സെയ്ഫിയെ കണ്ടെത്താനോ കഴിഞ്ഞില്ല. സംഭവത്തിൽ ആരാണ് അന്വേഷണത്തിനു നേതൃത്വം നൽകേണ്ടത് എന്നതിനെ ചൊല്ലി ആദ്യ ദിവസം റെയിൽവേ പൊലീസും ലോക്കൽ പൊലീസും തമ്മിൽ ആശയക്കുഴപ്പവുമുണ്ടായി.
സംഭവ സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചത് അനുസരിച്ചാണ് ഫൊറൻസിക് സംഘം അതിരാവിലെ എത്തി ബാഗ് പരിശോധിച്ചത്. ഈ സമയത്ത് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും ചാനലുകൾ ദൃശ്യം പകർത്തിയതിന്റെ ഉത്തരവാദിത്തം ഫൊറൻസിക് സംഘത്തിനാണെന്ന ആക്ഷേപം ശരിയല്ലെന്നും ഇവർ പറയുന്നു.