ജെടി റോഡ് നവീകരണം: കാൽനടക്കാർക്ക് നടപ്പാത നഷ്ടമായി
Mail This Article
വടകര ∙ നവീകരണം പൂർത്തിയായ റോഡിൽ നടപ്പാത ഉയർന്നതോടെ കാൽനട യാത്രക്കാർ ദുരിതത്തിൽ. ജെടി റോഡിലാണ് കാൽനട യാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥ. റോഡും നടപ്പാതയും ഉയർന്നതിനൊപ്പം സമീപത്തെ കടകൾ ഉയർത്താത്തതാണ് പ്രശ്നം. നടപ്പാതയിലൂടെ നടക്കുമ്പോൾ കടകളുടെ ഓട് തട്ടിയും ബോർഡ് തട്ടിയും പരുക്കേൽക്കുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം മേമുണ്ട സ്വദേശി ബാലകൃഷ്ണന്റെ തല കഴുക്കോലിൽ ഇടിച്ചു മുറിവേറ്റു. റോഡിലെ തിരക്ക് കാരണം ഇറങ്ങി നടക്കാനും കഴിയാത്ത സ്ഥിതിയാണ്. കൂടാതെ ലോറിയും മറ്റു വാഹനങ്ങളും നിർത്തിയിടുന്നതിനാൽ വഴി നടക്കാൻ കഴിയുന്നില്ല. ചില സ്ഥാപനങ്ങളുടെ ബോർഡുകളും കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്.
കുളത്തിന്റവിട മുതൽ കോപ്പോൾ വരെ വരുന്ന ഭാഗത്താണ് ഈ പ്രശ്നം. പ്രായമായവർ അപകടത്തിൽപ്പെടുന്നതു പതിവാണ്.
ജൂബിലി ടാങ്കിനു സമീപം സ്ഥാപിച്ച ബോർഡും യാത്രക്കാർക്ക് ഭീഷണിയാണ്. നടപ്പാതയിൽ സ്ഥാപിച്ച ബോർഡ് മാസങ്ങളായിട്ടും ഇതുവരെ എടുത്തു മാറ്റിയിട്ടില്ല. ഒന്തം റോഡ് ഓവർ ബ്രിജ് ഭാഗത്തു നിന്ന് ആരംഭിക്കുന്ന അഴിത്തല റോഡിനെ സൂചിപ്പിക്കാൻ സ്ഥാപിച്ച ഈ ബോർഡിൽ യാത്രക്കാരുടെ തലയിടിക്കുന്നതു പതിവാണ്.