കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം പ്രവൃത്തി സെപ്റ്റംബറിൽ, നടപ്പാക്കുന്നത് 473 കോടി രൂപയുടെ വികസനം
Mail This Article
കോഴിക്കോട്∙ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുന്ന സ്വപ്നപദ്ധതിയുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർമാണത്തിന് സെപ്റ്റംബർ ആദ്യവാരം തുടക്കമിടുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. കമ്മിറ്റിയുടെ പരിശോധനയുടെ ഭാഗമായി കോഴിക്കോട്ട് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
പദ്ധതിയുടെ പൂർണമായ പദ്ധതി രൂപരേഖയ്ക്ക് റെയിൽവേ ജനറൽ മാനേജരുടെ അനുമതി ലഭിച്ചു. ജൂലൈ 15ന് അകം ടെൻഡർ നടപടികൾ ആരംഭിച്ച് ഓഗസ്റ്റിൽ കരാർ ഉറപ്പിക്കും. 2026 ഡിസംബറിനകം കോഴിക്കോട് സ്റ്റേഷനു പുതിയ മുഖം സമ്മാനിക്കാമെന്നാണ് പ്രതീക്ഷ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത് 473 കോടി രൂപയുടെ വികസനമാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം വിസ്തീർണം 2,84,124 ചതുരശ്ര അടിയും കെട്ടിടങ്ങളുടെ വിസ്തീർണം 27,064 ചതുരശ്ര അടിയുമായി വർധിക്കും. റെയിൽവേ സ്റ്റേഷന്റെ മൊത്തം വിസ്തീർണം 5,62,188 ചതുരശ്ര അടിയാകും. 5 നിലകളിലാണ് പുതിയ സ്റ്റേഷൻ കെട്ടിടം. കിഴക്കു ഭാഗത്ത് 5 നിലകളിലും പടിഞ്ഞാറുഭാഗത്ത് 6 നിലകളിലും ബഹുനില പാർക്കിങ് സൗകര്യമുണ്ടാകും.
നിലവിലുള്ള കെട്ടിടങ്ങളിൽ 10% മാത്രം നിലനിർത്തി ബാക്കിയെല്ലാം നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് പരിശോധനയ്ക്കെത്തിയ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസും ഏഴംഗ സംഘവും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിശദമായ പരിശോധന നടത്തി.
ഇന്നു രാവിലെ പാലക്കാട് സ്റ്റേഷനിലെ പരിശോധനയ്ക്കുശേഷം ഡിആർഎമ്മിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തുടർന്നു തയാറാക്കുന്ന നിലവിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടും റെയിൽവേ സ്റ്റേഷനുകളിൽ ആവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ നിന്നു ലഭിക്കുന്ന അപേക്ഷകൾ ഉൾപ്പെടുത്തിയ റിപ്പോർട്ടും റെയിൽവേ ബോർഡിന് സമർപ്പിക്കും.
കിഴക്കും പടിഞ്ഞാറുമുള്ള റോഡുകൾ വികസിപ്പിക്കും
റെയിൽവേ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറുമുള്ള റോഡുകളും ഇതോടൊപ്പം വികസിപ്പിക്കുമെന്ന് പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. പടിഞ്ഞാറുഭാഗത്തെ റോഡ് ഫ്രാൻസിസ് റോഡുമായി ബന്ധിപ്പിക്കും. കിഴക്കു ഭാഗത്തെ റോഡ് റെയിൽവേ ഭൂമി വിട്ടുകൊടുത്ത് വീതി കൂട്ടും.കോഴിക്കോട് ഒന്നാം റെയിൽവേ മേൽപാലം പുതുക്കിപ്പണിയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ട്രെയിനുകളുടെ വേഗം കൂട്ടാൻ ഇതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
പുതിയ സുരക്ഷാ ക്രമീകരണം വരും
കേരളത്തിലെ ട്രെയിനുകളിൽ അടുത്ത കാലത്തുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മൊത്തം റെയിൽവേ സുരക്ഷയ്ക്ക് പുതിയ ക്രമീകരണങ്ങൾ നടപ്പായേക്കുമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. റെയിൽവേ ഇതുസംബന്ധിച്ച ചില സുരക്ഷാനടപടികൾ ആലോചിക്കുന്നുണ്ട്. സ്റ്റേഷനുകളിലും മറ്റും ക്യാമറകളുടെയും റെയിൽവേ സുരക്ഷാ സേനയുടെയും ശക്തി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സ്കാനർ സംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പുതിയ ട്രെയിൻ
നിലവിലുള്ള ട്രെയിനുകളിൽ കംപാർട്ടുമെന്റുകളുടെ എണ്ണം കൂട്ടുന്നതിനു പകരം മംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പുതിയൊരു ട്രെയിനാണ് റെയിൽവേ പരിഗണിക്കുന്നതെന്ന് പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. വൈകാതെ ഇതു ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.