തളി ക്ഷേത്ര പൈതൃക പദ്ധതി : 1.40 കോടി അനുവദിച്ചു
Mail This Article
കോഴിക്കോട്∙ തളി ക്ഷേത്ര പൈതൃകപദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനു വിനോദസഞ്ചാര വികസനവകുപ്പ് 1.40 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തളി ക്ഷേത്രം അധികൃതരിൽനിന്ന് എൻഒസി വാങ്ങിയശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. കൽമണ്ഡപത്തോടുകൂടി ജലധാര സ്ഥാപിക്കലാണ് രണ്ടാംഘട്ടത്തിൽ പ്രധാനം. 1.25 കോടി രൂപ ചെലവഴിച്ചായിരുന്നു ഒന്നാം ഘട്ടം നടപ്പാക്കിയത്. നഗരത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ‘കോഴിക്കോട് പൈതൃക ദീപാലംകൃത’ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കെട്ടിടങ്ങളും ആരാധാനാലയങ്ങളുമാണ് ഇതിനായി തിരഞ്ഞെടുക്കുക. സന്ധ്യാസമയം നഗരത്തെ കൂടുതൽ ആകർഷകമാക്കാനാണ് ലക്ഷ്യം. തിരഞ്ഞെടുത്ത ചില കെട്ടിടങ്ങൾ ഉടമകളുടെ അനുമതിയോടെ ടൂറിസം വകുപ്പിന്റെ ചെലവിൽ ദീപാലംകൃതമാക്കും. തുടർന്ന് നഗരത്തിലെ പാർക്കുകളും പാലങ്ങളും ആകർഷകമാക്കുന്ന പദ്ധതി നടപ്പാക്കും. നഗരത്തെ വിനോദസഞ്ചാര സൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് കോളജുകളിലെ ടൂറിസം ക്ലബുകളെക്കൂടി പങ്കാളികളാക്കും.
ഫുഡ് സ്ട്രീറ്റ് പദ്ധതി കോഴിക്കോട്ട് നടപ്പാക്കാൻ സ്ഥലം കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഇതേ പദ്ധതി തിരുവനന്തപുരത്തും ആലപ്പുഴയിലും നടപ്പാക്കുന്നുണ്ട്. സ്ഥലം കണ്ടെത്തേണ്ടത് കോർപറേഷനാണ്. നൈറ്റ് സ്ട്രീറ്റ് പദ്ധതിയും തിരുവനന്തപുരത്ത് നടപ്പാക്കും. പുതിയപാലത്ത് പുതിയ പാലം നിർമാണത്തിന് തടസ്സം കരാറുകാരനുമായുള്ള പ്രശ്നമാണ്. ഇതു പരിഹരിക്കാൻ ഇടപെടുന്നുണ്ടെന്നും 40 വർഷത്തെ കാത്തിരിപ്പിനു വൈകാതെ ഫലം കാണുമെന്നും മന്ത്രി പറഞ്ഞു.