കുളം സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം
Mail This Article
കടലുണ്ടി ∙ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് നേതൃത്വത്തിൽ മണ്ണൂർ ഹോമിയോ ആശുപത്രിക്കു സമീപം നിർമിച്ച കുളത്തിനു കയർഭൂവസ്ത്രം വിരിക്കുന്നു. തൊഴിലുറപ്പു പദ്ധതിയിൽ 10–ാം വാർഡിലെ എ.പി.കൃഷ്ണന്റെ പറമ്പിൽ നിർമിച്ച കുളത്തിന്റെ ചെരിവിലാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്.
18 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള കുളത്തിനു 3 മീറ്ററാണ് ആഴം. വെള്ളത്തിലേക്ക് ഇറങ്ങാൻ പടികൾ ഒരുക്കിയ കുളത്തിൽ മണ്ണൊലിപ്പ് തടയാനാണ് കയർ ഭൂവസ്ത്രം വിരിച്ച് പാർശ്വ ഭാഗങ്ങൾ സംരക്ഷിക്കുന്നത്. ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണിനെ തടഞ്ഞു നിർത്തി സംരക്ഷിക്കാൻ ചെക്ക് ഡാം പോലെയാണ് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത്.
ശക്തമായ സമ്മർദത്തിൽ വെള്ളം ഒഴുകി വന്നാലും മണ്ണിനെ നിലനിർത്താനാകും എന്നതാണ് പ്രത്യേകത. തൊഴിലുറപ്പ് പദ്ധതിയിൽ 1.28 ലക്ഷം രൂപ വകയിരുത്തിയ പ്രവൃത്തി 14 തൊഴിലാളികൾ 21 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്. മഴക്കാലത്ത് പരമാവധി വെള്ളം സംഭരിച്ചു സംരക്ഷിക്കുകയാണ് ലക്ഷ്യം. കുളത്തിൽ മഴവെള്ളം ശേഖരിക്കുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലവിതാനം ഉയർത്താനാകും.