ADVERTISEMENT

താമരശ്ശേരി ∙ മണിപ്പുർ കലാപത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ചും ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങളെ അപലപിച്ചും താമരശ്ശേരി രൂപതയുടെ കീഴിലെ വിവിധ സംഘടനകളെ അണിനിരത്തി കത്തോലിക്കാ കോൺഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ റാലിയും സംഗമവും നടത്തി. വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനു പേർ അണി നിരന്ന പ്രതിഷേധം സംഗമം മണിപ്പുരിലെ ഭരണകൂട നിസ്സംഗതയ്ക്ക് എതിരായ താക്കീതും മണിപ്പുർ ജനതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനവുമായി മാറി.

പ്രതിഷേധ സംഗമം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. മണിപ്പുരിൽ വീടും മറ്റും ന‌ഷ്ടപ്പെട്ട് വഴിയാധാരമായ 1,000 കുടുംബങ്ങളെ അഭയം നൽകി സഹായിക്കാൻ താമരശ്ശേരി രൂപത തയാറാണെന്നു ബിഷപ് പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തിലും ക്രൈസ്തവ ഉന്മൂലന സമയത്തും ഭരണാധികാരികൾ വിദേശയാത്ര നടത്തുന്നതിനു പകരം ഗാന്ധിജിയുടെ പാത പിൻതുടർന്ന് മണിപ്പുർ യാത്രകളാണു നടത്തേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

രൂപതയിലെ വിവിധ സംഘടനകളുടെ ഏകോപന സമിതിയായ എഒസിസി സെക്രട്ടറി ഡോ. ചാക്കോ കാളംപറമ്പിൽ ആധ്യക്ഷ്യം വഹിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർ  ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു. എകെസിസി ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, കെസിവൈഎം പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, മാതൃവേദി രൂപതാ പ്രസിഡന്റ് ലിസി ജോസ്, മിഷൻ ലീഗ് ഡയറക്ടർ ഫാ.ജോർജ് വെള്ളാരംകാലായിൽ, ഡിഎഫ്സി ഡയറക്ടർ ഫാ.സായി പാറൻകുളങ്ങര, സജീവ് പുരയിടത്തിൽ, ഷെല്ലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മോൺ. ജോയ്സ് വയലിൽ, ഫാ.തോമസ് നാഗപറമ്പിൽ, ഫാ.കുര്യാക്കോസ് ഐകുളമ്പിൽ, അനീഷ് വടക്കേൽ, റിച്ചാർഡ് ജോൺ, അലീന ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com