പാലം ഉയരും മുൻപേ മൂരാട്ട് തൂണുകൾ ചരിഞ്ഞു
Mail This Article
വടകര∙ മൂരാട് നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ ചരിഞ്ഞതായി ആക്ഷേപം. നാട്ടുകാർ ഇക്കാര്യം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് വലിയ ഇരുമ്പ് റെയിൽ കൊണ്ടു വന്നു വെൽഡ് ചെയ്ത് വച്ചിരിക്കുകയാണ്. ടാർ പോളിൻ ഷീറ്റ് കൊണ്ട് മറക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് തൂണിന് ചരിവുള്ള കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം തൊഴിലാളികളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സൈറ്റിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. തുടർന്ന് നാട്ടുകാർ പ്രശ്നം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
മൂരാട് പാലത്തിന്റെ ഇരുഭാഗത്തുമുള്ള ഗർഡറുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പ്രയാസമേറിയ ഭാഗമായ നടുവിലെ തൂണുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്. ഇവിടെ കുറ്റ്യാടി പുഴയിൽ ഒഴുക്കും ശക്തമാണ്. അതിനാൽ വളരെ ശ്രമകരമായാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
സ്ഥാപിക്കേണ്ട ഗർഡറുകളുടെ പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. 3 റോയിൽ 9 തൂണുകളാണ് പണിയുന്നത്. അതിൽ 2 തൂണുകളാണ് ചരിഞ്ഞതായി നാട്ടുകാർ പറയുന്നത്. കുറ്റ്യാടി പുഴയിലെ ഒഴുക്കാണ് കാരണമെങ്കിൽ തൂണ് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വേണം ചരിയാൻ. രണ്ടു തൂണുകളും വടക്കോട്ടും തെക്കോട്ടുമായാണ് ചരിഞ്ഞത്. ഇത് നിർമാണത്തിലെ അപാകതയാണ് എന്നാണ് ആരോപണം. 125 മീറ്ററോളം വീതിയുള്ള പുഴയിൽ പകുതിയോളം ഭാഗം മണ്ണിട്ട് നികത്തിയാണ് നിർമാണം നടത്തുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ വെള്ളം ഒഴുകി പോകുന്നതിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.