സ്വർണ നാണയ തട്ടിപ്പ്: കർണാടക സ്വദേശികളായ 6 പേർ പിടിയിൽ
Mail This Article
വടകര∙ സ്വർണ നാണയങ്ങൾ എന്ന വ്യാജേന വ്യാജ നാണയങ്ങൾ നൽകി വടകര സ്വദേശിയിൽ നിന്നു 5 ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക സ്വദേശികളായ 6 പേർ പൊലീസ് പിടിയിലായി. ഇന്നലെ കാറിൽ വീണ്ടും വ്യാജ നാണയങ്ങളുമായി എത്തിയപ്പോഴാണ് സംഘം പൊലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടക ചിക്കമംഗളൂരു കാഡൂർ കുമാർ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താത്തൂർ മോഹൻ (35), ഷിമോഗ നടരാജ് (27), ഷിമോഗ തിമ്മേശ് (34) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ പി.എം.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2022 ജനുവരി ആദ്യം വടകര കുരിയാടി കൈതവളപ്പിൽ രാജേഷിൽ നിന്നാണ് ഇവർ 5 ലക്ഷം രൂപ തട്ടിയെടുത്തത്. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കർണാടകയിൽ പോയി നടത്തിയ അന്വേഷണവുമായി കർണാടക പൊലീസ് സഹകരിച്ചില്ല. വീണ്ടും സ്വർണ നാണയങ്ങളുമായി പ്രതികൾ എത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഒരുക്കിയ കെണിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു പ്രതികളെ എത്തിച്ചു പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഇവരിൽ 3 പേർ കാറിൽ രക്ഷപ്പെട്ടെങ്കിലും ചോമ്പാലയിൽ മൂവരെയും പിടികൂടുകയായിരുന്നു. മുഴുവൻ പ്രതികളെയും വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് ഇൻസ്പെക്ടർ പി.എം.മനോജ് അറിയിച്ചു.