‘‘ നന്ന ദേശ നന്ന ഉസിരു നന്ന പ്രാണ ഭാരതാ...’’ ഒന്നായി അവർ പാടി നമ്മുടെ ഇന്ത്യയ്ക്കായി
Mail This Article
കോഴിക്കോട്∙ ‘‘ നന്ന ദേശ നന്ന ഉസിരു നന്ന പ്രാണ ഭാരതാ...’’ ഒരേ സ്വരത്തിൽ, ഒരേ ഈണത്തിൽ 1800 കുട്ടികൾ പാടുകയാണ്. ആ സ്വം കേൾക്കുമ്പോൾ ഇടനെഞ്ചിൽ ദേശഭക്തി നിറയുന്നു. കന്നഡയും ഹിന്ദിയും രാജസ്ഥാനിയും മലയാളവും ബംഗാളിയുമൊക്കെ ഇടകലർന്ന വരികൾ കേൾക്കുമ്പോൾ നമ്മുടെ രാജ്യമെത്ര വൈവിധ്യം നിറഞ്ഞതാണെന്ന് ഓർത്തുപോവുന്നു.
സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ചാലപ്പുറം ഗവ. ഗണപത് ഗേൾസ് എച്ച്എസ്എസിലെ 1800 വിദ്യാർഥികളാണ് ഒരുമിച്ച് ‘ഇന്ത്യ രാഗ് 2023’ ദേശഭക്തിഗാനം പാടി ചരിത്രത്തിൽ ഇടം നേടിയത്.സ്കൂൾ മൈതാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ രണ്ടു വശത്തുമായി തയാറാക്കിയ പ്രത്യേക വേദിയിലാണ് ഇത്രയും കുട്ടികൾ ഒരുമിച്ച് പാടിയത്.എട്ട് ഇന്ത്യൻ ഭാഷകളിലായാണ് പാട്ട് അവതരിപ്പിച്ചത്.
സ്കൂളിലെ സംഗീതാധ്യാപികയായ ഡി.കെ.മിനിയാണ് ദേശഭക്തിഗാനമെന്ന ആശയം മുന്നോട്ടുവച്ചത്. പ്രിൻസിപ്പൽ എ.കെ.മധു, ഹെഡ്മിസ്ട്രസ് കെ.ടി.ഉമ്മുക്കുൽസു എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ ഒത്തൊരുമിച്ചു പ്രയത്നിച്ചതോടെയാണ് ഈ യജ്ഞം സഫലമായത്. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ സി.രേഖ, ഡിഡിഇ എം.സന്തോഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഷാദിയ ബാനു, എഇഒ എം.ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.